കേരളത്തിലെ ലൗജിഹാദ്; മതം മാറ്റത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്, ആരോപണവുമായി എന്‍ഐഎ

ഹാദിയയുടേയും ആതിരയുടേയും മതംമാറ്റക്കേസുകളില്‍ മതംമാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട വ്യക്തിയാണെന്ന ആരോപണവുമായി എന്‍.ഐ.എ. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

‘പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്.ഡി.പി.ഐ, സത്യസരണി എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സൈനബ എന്ന വ്യക്തിയാണ് ഇരുരുടേയും മതം മാറ്റാനുള്ള ഉപദേശങ്ങള്‍ നല്‍കിയതും സഹായം ചെയ്തതും. അഖില അശോകന്‍ എന്ന പെണ്‍കുട്ടി ഹാദിയ ആയി മതം മാറിയ സംഭവത്തില്‍ സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം അന്വേഷണം തുടങ്ങിയപ്പോഴാണ് എന്‍.ഐ.എ.

ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. സൈനബയുടെ ചില അനുയായികള്‍ക്കും രണ്ടു സംഭവങ്ങളിലും പങ്കുള്ളതായും കണ്ടെത്തിയിട്ടുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്ന് കാണിച്ച് അച്ഛനും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും 2016 ജനുവരിയില്‍ അഖിലാ നാല് കത്തുകള്‍ അയച്ചിരുന്നു. എന്നാല്‍ ഇവയില്‍ അഖിലയുടെ പേരിലെ അക്ഷരങ്ങള്‍ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ മറ്റാരോ ആണ് കത്തെഴുതിയതെന്ന നിഗമനത്തില്‍ എത്തുകയും ചെയ്തിരുന്നു.

ആതിരയുടെ കേസിലും സമാനമായ സംഭവം ഉണ്ടായതായാണ് എന്‍.ഐ.എ വെളിപ്പെടുത്തല്‍. എന്നാല്‍ ഹാദിയയുടെ മതംമാറ്റം സ്വന്തം ഇഷ്ടപ്രകാരമാണെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നും പോപ്പുലര്‍ പ്രണ്ട് ഓഫ് ഇന്ത്യ വക്താവ് ഷെഫീഖ് റഹ്മാന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.

ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കേസില്‍ അന്വേഷണം നടത്താന്‍ സുപ്രീംകോടതി എന്‍.ഐ.എയെ നിയോഗിച്ചത്. റിട്ടയേര്‍ഡ് ജഡ്ജി ആര്‍.വി രവീന്ദ്രന്റെ മേല്‍നോട്ടത്തിലാണ് എന്‍.ഐ.എ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.