ഗുര്‍മീതിനെ അഴിക്കുള്ളിലാക്കിയതിലെ മലയാളി; കാസര്‍ഗോഡ് സ്വദേശിയായ സിബിഐ ഓഫീസറെ പരിചയപ്പെടാം

ബലാത്സംഗക്കേസില്‍ പത്തുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദാ തലവനും സ്വയം പ്രഖ്യാപിത ആള്‍ ദൈവുമായ ഗുര്‍മീത് റാം റഹീമിനെ അഴിക്കുള്ളിലാക്കിയതിനു പിന്നില്‍ ഒരു മലയാളിയുടെ സാന്നിധ്യം. കാസര്‍ഗോഡ് സ്വദേശി സി.ബി.ഐ. ഉദ്യോഗസ്ഥനായ നാരായണനാണ് ഇദ്ദേഹം.

ഔദ്യോഗിക ജീവിതത്തിലെ തന്നെ എടുത്തു പറയത്തക്ക അനുഭവമാണ് നാരായണന് ഇത്. 2002 ല്‍ കേസ് പഞ്ചാബ് ഹരിയാന ഹൈക്കോടതി സി.ബി.ഐക്ക് വിട്ടിരുന്നു. ഉന്നതതല സമ്മര്‍ദ്ദം മൂലം ആദ്യ അഞ്ചു വര്‍ഷങ്ങള്‍ കേസിനു യാതൊരു ചലനവും ഉണ്ടായില്ല. തുര്‍ന്ന് കേസ് വീണ്ടും കോടതിയിലെത്തി.

പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും ഒന്നും തന്നെ വഴങ്ങാതെ കേസ് അന്വേഷിക്കാന്‍ കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. അങ്ങനെ നാരായണനും അന്വേഷണ സംഘവും മുന്നോട്ടു നീങ്ങി. ഭീഷണികളും പ്രലോഭനങ്ങളൂം ഒരുപാടുണ്ടായി. അവസാനം ഗുര്‍മീത് വരെ നേരിട്ട് വിളിക്കുകയും ചെയ്തു.

കോടതി ഏല്‍പിച്ച ദൗത്യത്തില്‍ ഉള്ള വിശ്വാസം കൊണ്ട് മാത്രം എല്ലാ പ്രതിസന്ധികളും തരണം ചെയ്തു മുന്നോട്ട് നീങ്ങി. അങ്ങനെ വര്‍ഷങ്ങള്‍ നീണ്ട അന്വേഷങ്ങള്‍ക്കൊടുവില്‍ പരാതിക്കാരിയെ നാരായണന്‍ കണ്ടെത്തി. ആദ്യം കേസിന് വിസമ്മതിച്ച യുവതിയുടെ കുടുംബം പിന്നീട് എല്ലാം തുറന്നു പറഞ്ഞു. സമ്മര്‍ദ്ദങ്ങള്‍ ഒരുപാടുണ്ടായിട്ടും അതൊന്നും വകവെയ്ക്കാതെ അവര്‍ കോടതിയില്‍ മൊഴി നല്‍കി.

ഗുര്‍മീതിനെ ചോദ്യം ചെയ്യുക എന്ന കടമ്പ നാരായണനെ സംബന്ധിച്ചു ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. ഏറെ സമ്മര്‍ദ്ദങ്ങള്‍ക്ക് ഒടുവില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. അങ്ങനെ കേസില്‍ കോടതി ഗുര്‍മീത് കുറ്റക്കാരനാണെന്ന് വിധിക്കുകയും അവസാനം 10 വര്‍ഷം കഠിന തടവിന് ശിക്ഷിക്കുകയും ചെയ്തിരിക്കുന്നു.

38 വര്‍ഷം നീണ്ടുനിന്ന തന്റെ സി.ബി.ഐ. സര്‍വീസില്‍ മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി വധം, അയോധ്യ രാമക്ഷേത്ര കേസ്, കാണ്ഡഹാര്‍ വിമാനം റാഞ്ചല്‍ കേസ് തുടങ്ങിയ കേസുകളിലെല്ലാം അന്വേഷണസംഘത്തില്‍ പ്രതിഭാശാലിയായ ഈ മലയാളിയും ഉണ്ടായിരുന്നു.