സര്‍ക്കാരിന് വന്‍ തിരിച്ചടി; സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് 11 ലക്ഷം,നിശ്ചയിച്ചത് സുപ്രീം കോടതി
സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് 11 ലക്ഷം രൂപയായി സുപ്രീംകോടതി നിശ്ചയിച്ചു. മുഴുവന്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലും 11 ലക്ഷം രൂപ ഫീസ് വാങ്ങാമെന്നും സുപ്രീംകോടതിയുടെ ഉത്തരവ്.
ഇതില്‍ അഞ്ച് ലക്ഷം രൂപ ഫീസായും ബാക്കി ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരന്റിയായി അല്ലെങ്കില്‍ പണമായി നല്‍കണം. ഈ പണം സൂക്ഷിക്കാന്‍ പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്നും കോടതി മാനേജ്‌മെന്റുകള്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ ഇത് പ്രവേശനം നേടി 15 ദിവസത്തിനുള്ളില്‍ നല്‍കിയാല്‍ മതി.
സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ സുപ്രീംകോടതി തള്ളി. അലോട്ട്‌മെന്റ് പൂര്‍ത്തിയായെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ചൂണ്ടിക്കാണിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. നേരത്തെ രണ്ട് കോളജുകള്‍ക്ക് 11 ലക്ഷം ഫീസ് ബാധകമാക്കി കോടതി ഉത്തരവിട്ടിരുന്നു. ഇത് പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി തള്ളി.
പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചെങ്കിലും സ്വാശ്രയ കോളജുകള്‍ ആയതിനാല്‍ സാമ്പത്തിക സഹായം നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിക്കുകയയിരുന്നു. തിരുവനന്തപുരത്ത് പ്രവേശന നടപടികള്‍ പുരോഗമിക്കവേ വന്ന സുപ്രീംകോടതി വിധി വിദ്യാര്‍ഥികള്‍ക്ക് ഇരുട്ടടിയായി.