ദിലീപിന് ജാമ്യമില്ല; ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യത, പ്രതിഭാഗം വാദങ്ങള്‍ തള്ളി ഹൈക്കോടതി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ഇത്തവണയും ഹൈക്കോടതി ജാമ്യം നിഷേധിച്ചു. മുദ്രവെച്ച കവറില്‍ പ്രോസിക്യൂഷന്‍ഹാജരാക്കിയ തെളിവുകള്‍ പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം തള്ളിയത്. ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും പ്രഥമദൃഷ്ട്യാ അദ്ദേഹത്തിനെതിരെ തെളിവുകളുണ്ടെന്നും ജസ്റ്റിസ് സുനില്‍ തോമസ് വ്യക്തമാക്കി.

എന്നാല്‍ ഗുരുതരമായ പരാമര്‍ശങ്ങളോടെ ദിലീപിന്റെ ജാമ്യഹര്‍ജി നേരത്തെ തളളിയ ജസ്റ്റിസ് സുനില്‍ തോമസ് ഇത്തവണയും ദിലീപിന് ജാമ്യം നിഷേധിക്കുകയായിരുന്നു. അറസ്റ്റിലായതിന് ശേഷം ഇതുവരെ ദിലീപ് മൂന്നുതവണ ജാമ്യത്തിന് ശ്രമിച്ചിരുന്നു.

ഇനി സുപ്രീംകോടതിയാണ് ദിലീപിന് ആശ്രയിക്കാനുളളത്. ആദ്യം ജാമ്യാപേക്ഷ സമര്‍പ്പിച്ച അഡ്വ. രാംകുമാറിനെ മാറ്റി മറ്റൊരു മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍പിളള വഴിയാണ് ഇത്തവണ ഹൈക്കോടതിയെ ദിലീപ് സമീപിച്ചത്.