ജാമ്യം നിഷേധിക്കാന്‍ കാരണം ഇതൊക്കെയാണ്, ഇനി രക്ഷ സുപ്രീം കോടതി, അവിടെയും കാര്യങ്ങള്‍ എളുപ്പമാവില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൂന്നാം തവണയും ജാമ്യം നിഷേധിക്കപ്പെട്ടത്തോടെ ദിലീപ് വീണ്ടും ജയിലില്‍ തുടരും. രണ്ടുതവണ ഹൈക്കോടതിയും ഒരുതവണ അങ്കമാലി സെഷന്‍സ് കോടതിയുമാണ് ദിലീപിന് ജാമ്യം നിഷേധിച്ചത്. എന്നാല്‍ ഇത്തവണ ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ട് എന്ന് ചില അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. കാരണം ജാമ്യാപേക്ഷയില്‍ ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ള നീണ്ട സമയമെടുത്താണ് ദിലീപിന് വേണ്ടി വാദിച്ചത്. കൂടാതെ പോലീസിനെ ശക്തമായി വിമര്ശിച്ചുകൊണ്ടും രാമന്‍ രാമന്‍പിള്ള വാദിക്കുകയുണ്ടായി. ഇതിലൂടെ ദിലീപിനെതിരായ കേസ് കെട്ടിച്ചമച്ചതാണ് എന്ന പ്രതീതി ഉണ്ടാക്കാനായിരുന്നു ശ്രമം. അതുകൊണ്ടു തന്നെ ദിലീപിന്  ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ദിലീപിന്റെ ഫാന്‍സുകാരും.  ജാമ്യം ലഭിക്കുകയാണെങ്കില്‍ ദിലീപ് ഫാന്‍സുകാര്‍ വലിയ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

ദിലീപിന് ജാമ്യം നിഷേധിക്കപ്പെടാനുള്ള പ്രധാന കാരണം പ്രോസിക്യൂഷന്റെ ശക്തമായ മറുവാദമാണ്. ദിലീപ് കിങ് ലയറാണെന്നു പറഞ്ഞു കൊണ്ടാണ് പ്രോസിക്ക്യൂഷന്‍ വാദം തുടങ്ങിയത്. സിനിമ മേഖലയിലും, സമൂഹത്തിലും നല്ല സ്വാധീനമുള്ള വ്യക്തിയെന്ന നിലക്ക് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്ക്യൂഷന്‍ വാദിച്ചു. കൂടാതെ മുദ്രവെച്ച കവറില്‍  പ്രോസിക്ക്യൂഷന്‍ സമര്‍പ്പിച്ച ശക്തമായ തെളിവുകളാണ് ദിലീപിന് തിരിച്ചടിയായത്. ദിലീപിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്ക്യൂഷന്‍ വാദം അംഗീകരിച്ചു.

അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലെന്നുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. കേസിന്റെ തിരക്കഥ പോലീസ് രചിച്ചതാണെന്ന ദിലീപിന്റെ അഭിഭാഷകന്റെ വാദം തള്ളപ്പെടുന്ന തെളിവുകളാണ് പ്രോസിക്യൂഷന്‍ കോടതിക്ക് നല്‍കിയത്. ഹര്‍ജിയില്‍ എട്ടു പേജുള്ള ഉത്തരവാണ് ഹൈക്കോടതി ഇന്ന് പുറത്തുവിട്ടത്. ആദ്യ ജാമ്യഹര്‍ജി തള്ളിയതില്‍ നിന്ന് വ്യത്യസ്തമായ ഒരു സാഹചര്യവും പുതുതായി വന്നിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. അതിനാല്‍ ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കാന്‍ കാരണം കാണുന്നില്ല.

കേസില്‍ പന്ത്രണ്ട്, പതിമൂന്ന് പ്രതികളായ അഭിഭാഷകര്‍ മൊബൈല്‍ ഫോണ്‍ നശിപ്പിച്ച് കളഞ്ഞതായി പറയുന്നു. അത് പൂര്‍ണ്ണമായും വിശ്വസിക്കാന്‍ കഴിയില്ല. എന്നാല്‍ മെമ്മറി കാര്‍ഡ് കണ്ടെത്തേണ്ടതുണ്ട്. ദിലീപിനെതിരെ പ്രഥമദൃഷ്ട്യ തെളിവുണ്ട്.അപ്പുണ്ണി ചോദ്യം ചെയ്യലിനോട് പൂര്‍ണ്ണമായും സഹകരിച്ചിട്ടില്ല എന്നീ പ്രോസിക്യൂഷന്‍ വാദവും കോടതി പൂര്‍ണ്ണമായും മുഖവിലയ്‌ക്കെടുക്കുകയായിരുന്നു.

വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചാലും ഇപ്പോള്‍ വിധി പറഞ്ഞ ജഡ്ജാവും അപ്പോഴും കേസ് പരിഗണിക്കുക.ഹൈക്കോടതി രണ്ടാമതും ജാമ്യം തള്ളിയതോടെ സുപ്രീം കോടതിയെ സമീപിക്കുക എന്നതാണ് ദിലീപിന് മുന്നിലുള്ള ഏക വഴി. എന്നാല്‍ ലൈംഗികതിക്രമണ കേസുകളില്‍ സുപ്രീം കോടതിയുടെ നിലപാട് കര്‍ക്കശമായതിനാല്‍ ദിലീപിന് രക്ഷയുണ്ടാകില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.