നടന്‍ അജു വര്‍ഗീസിനെ അറസ്റ്റ് ചെയ്തു
കൊച്ചി: ആക്രമണത്തിന് ഇരയായ നടിയുടെ പേര് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി എന്ന കേസില്‍ നടന്‍ അജു വര്‍ഗീസിനെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അജുവിനെ ജാമ്യത്തില്‍ വിട്ടയച്ചു.
ഇന്ത്യന്‍ ശിക്ഷാ നിമയത്തിലെ 228 (എ) വകുപ്പാണ് അജുവിനെതിരെ ചുമത്തിയിരിക്കുന്നത്. വിവാദഫേസ്ബുക്ക് പോസ്റ്റിനെതിരേ കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
അജുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ്, സ്റ്റേഷനില്‍ വിളിച്ചു വരുത്തി നേരത്തെ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അജു ഹൈകോടതിയെ സമീപിച്ചു. കൂടാതെ കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള സത്യവാങ്മൂലം നടിയുടെ അഭിഭാഷകന്‍ ഹാജരാക്കി.
അജുവിന്റെ ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ത്തതോടെയാണ് കോടതി കേസ് നടക്കട്ടെയെന്ന് വിധിച്ചത്. കേവലം വ്യക്തിപരമായ പ്രശ്‌നമല്ലിതെന്നും കേസ് പിന്‍വ ലിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നുമായിരുന്നു സര്‍ക്കാര്‍ വാദം.
അജുവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം മൊബൈല്‍ ഫോണും അടുത്തിടെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തന്നെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ അജു ശ്രമിക്കില്ലെന്നാണ് നടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. മനപൂര്‍വം ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും നടി തന്റെ അടുത്ത സുഹൃത്താണെന്നും അജുവും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.