ആള്‍ ദൈവം രാംപാലിനെ രണ്ട് കേസുകളില്‍ നിന്ന് കുറ്റ വിമുക്തനാക്കി; ജയിലില്‍ തന്നെ, കേസുകള്‍ ഇനിയും നിരവധി

ഹരിയാനയിലെ ആള്‍ദൈവം രാംപാലിനെ രണ്ട് കേസുകളില്‍ നിന്ന് ഹിസാറിലെ കോടതി കുറ്റവിമുക്തനാക്കി. 2014 ല്‍ ഉണ്ടായ സംഘര്‍ഷം, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തല്‍ തുടങ്ങി കേസുകളിലാണ് രാംപാലിനെ കോടതി കുറ്റവിമുക്തനാക്കിയത്.

എന്നാല്‍ മറ്റ് കേസുകളില്‍ വിചാരണ തുടരുന്നതിനാല്‍ രാംപാലിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയില്ല. കൊലപാതകം, രാജ്യദ്രോഹം എന്നിവ അടക്കമുള്ള കേസുകളിലാണ് രാംപാല്‍ നിലവില്‍ വിചാരണ നേരിടുന്നത്. 2014 നവംബര്‍ 18 ന് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളിലാണ് ആള്‍ദൈവത്തെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവിട്ടത്.

രാംപാലും അനുയായികളും ചേര്‍ന്ന് ഗ്രാമീണര്‍ക്കുനേരെ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് രാംപാല്‍ അറസ്റ്റിലായത്. പോലീസും രാംപാലിന്റെ ആശ്രമത്തിലെ അന്തേവാസികളും തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ കേസ്.

ഹിസാര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേകം തയ്യാറാക്കിയ കോടതിമുറിയില്‍ ആയിരുന്നു വിചാരണ. ഓരോ തവണയും കേസ് പരിഗണിക്കുമ്പോള്‍ രാംപാലിന്റെ അനുയായികള്‍ കോടതി പരിസരത്ത് തടിച്ചുകൂടുകയും കോടതി നടപടികള്‍ തടസപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് വിചാരണ ജയിലില്‍ പ്രത്യേകം തയ്യാറാക്കിയ കോടതിയിലേക്ക് മാറ്റിയത്.