ഭര്‍ത്താവ് ഭാര്യയെ ബലാല്‍സംഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമല്ല : കേന്ദ്രസര്‍ക്കാര്‍

ഭര്‍ത്താവ് ഭാര്യയെ ബലാല്‍സംഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമല്ല എന്ന് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ സാമൂഹിക-സാമ്പത്തിക സാഹചര്യത്തില്‍ ഇത്തരമൊരു നിയമം കൊണ്ടുവന്നാല്‍ അത് തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുമെന്ന് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു പുരുഷന്‍ ഒരു സ്ത്രീയെ അവളുടെ അനുവാദമില്ലാതെ സ്പര്‍ശിക്കുന്നത് പോലും നമ്മുടെ നിയമപ്രകാരം മാനഭംഗത്തിന്റെ പരിധിയില്‍പ്പെടുന്നതാണ്. ഇന്ത്യയില്‍ ഇത്തരമൊരു നിയമം കൊണ്ടുവരുമ്പോള്‍ ഉള്ള പ്രധാനപ്രശ്‌നം അതിനെ എങ്ങനെ കൃത്യമായി നിര്‍വചിക്കുമെന്നതാണ്. അതുകൊണ്ട് തന്നെ ഒരു പുരുഷന്‍ അവന്റെ ഭാര്യയെ പീഡിപ്പിച്ചാല്‍ അതിനുള്ള തെളിവ് കോടതി എങ്ങനെ കണ്ടെത്തും.

പൂര്‍ണമായും ഭാര്യയുടെ നിലപാടിനെ മാത്രമേ അപ്പോള്‍ ആശ്രയിക്കാന്‍ സാധിക്കു. ഇത് ഭാവിയില്‍ ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ ദുരുപയോഗം ചെയ്യപ്പെടാന്‍ ഏറെ സാധ്യതയുണ്ട്. ഭര്‍ത്താക്കന്‍മാര്‍ ഭാര്യയെ ലൈംഗീകമായി പീഡിപ്പിക്കുന്നത് ക്രിമിനല്‍കുറ്റമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ചില വനിതാ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. അതേസമയം ദാമ്പത്യത്തിലെ ബലാത്സംഗം എന്ന ആശയത്തോട് യോജിക്കുന്നില്ലെന്ന് മുന്‍ മിസോറാം ഗവര്‍ണറും മുതിര്‍ന്ന അഭിഭാഷകനും വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഭര്‍ത്താവുമായ സ്വരാജ് കൗള്‍ പറഞ്ഞു. നമ്മുടെ വീടുകള്‍ പോലീസ് സ്‌റ്റേഷനായി മാറാന്‍ പാടില്ല. ഇങ്ങനെയൊരു നിയമം കൊണ്ടുവന്നാല്‍ ഭര്‍ത്താക്കന്‍മാര്‍ ജയിലില്‍ കിടക്കും – സ്വരാജ് കൗള്‍ ചൂണ്ടിക്കാട്ടുന്നു.