ഈ ചിത്രം നിങ്ങള്‍ക്കു കാണിച്ചു തരും മാതൃ സ്‌നേഹത്തിന്റെ ആഴം
ബ്രസീല്‍: കല്യാണ ദിവസം വിവാഹ വേഷത്തില്‍ കുഞ്ഞിനെ പാലൂട്ടുന്ന ഒരമ്മയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണിപ്പോള്‍. മാതൃസ്‌നേഹത്തിന്റെ മാഹാത്മ്യം വെളിവാക്കുന്ന സംഭവം നടന്നത് ബ്രസീലിലാണ്. വവാഹ വേഷത്തില്‍ വരനൊപ്പം വിവാഹ ചടങ്ങില്‍ നില്‍ക്കുന്നതിനിടെയാണ് ബ്രസീലുകാരിയായ ഡാനിയെല്ലി കത്സ്യു എന്ന ഇരുപത്തിനാലുകാരി തന്റെ മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടിയത്. കുഞ്ഞിനെ പാലൂട്ടുന്നത് ചെറുചിരിയോടെ നോക്കികൊണ്ട് വരനായ കാലെ റിയോയും(26) അരികിലുണ്ടായിരുന്നു. കുഞ്ഞ് പിറന്നു മൂന്നു മാസത്തിനു ശേഷമാണ് ഡാനിയെല്ലിയും, കാലേ റിയോയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹം നടക്കുന്നതിനിടെയിലാണ് വിശന്നു കരഞ്ഞ തന്റെ കുഞ്ഞിനെ ഡാനിയേലി മുലയൂട്ടിയത്.
ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഫോട്ടോഗ്രാഫര്‍ കൂടിയായ മോണിക്ക കാര്‍വലോ എന്ന യുവതി ഈ മനോഹരമായ നിമിഷം തന്റെ ക്യാമറയില്‍ പകര്‍ത്തുകയും, ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. എവിടെ വെച്ചും, ഏത് സമയത്തും, കുഞ്ഞ് ആവശ്യപ്പെടുമ്‌ബോള്‍ മുലപ്പാല്‍ നല്‍കാന്‍ അമ്മമാര്‍ക്ക് മാനസികമായി ധൈര്യം നല്‍കുകയാണ് താന്‍ ലക്ഷ്യം വെച്ചതെന്ന് മോണിക്ക പറയുന്നു.
വൈറലാവുക മാത്രമല്ല ഒരു വലിയ ചര്‍ച്ചക്ക് വഴിവെക്കുകയും ചെയ്തു ഈ ചിത്രം. മനോഹരം എന്നാണ് ചിത്രം കണ്ടവര്‍ കമന്റ് ചെയ്തത്. എന്നാല്‍ വധുവിനെ വിമര്‍ശിച്ചവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഔചിത്യമില്ലാതെയുള്ള മുലയൂട്ടല്‍ ശ്രദ്ധ കിട്ടാനാണെന്നായിരുന്നു ചിലര്‍ കമന്റ് ചെയ്തത്.