പാറ്റൂര്‍ വിവാദ ഫ്ലാറ്റ് നിര്‍മ്മാണത്തില്‍ കൈയേറ്റം നടന്നതായി സര്‍ക്കാര്‍ സത്യവാങ് മൂലം

തിരുവനന്തപുരം: പാറ്റൂര്‍ വിവാദ ഫ്ലാറ്റ് നിര്‍മ്മാണം സര്‍ക്കാര്‍ ഭൂമി കൈയ്യേറിയാണെന്ന് സര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ലോകായുക്തയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പാറ്റൂരില്‍ ഭൂമി കൈയേറിയിട്ടില്ലെന്ന മുന്‍നിലപാടില്‍ നിന്നാണ് സര്‍ക്കാര്‍ മലക്കം മറിഞ്ഞത്. പറ്റൂരിലുള്ള ജല അതോറിറ്റിയുടെയും, സര്‍ക്കാരിന്റെയും വക ഭൂമി വ്യാജമായി ചമച്ച ആധാരം ഉപയോഗിച്ചാണ് കൈയ്യേറിയാണ് ഫ്‌ളാറ്റ് നിര്‍മാണം നടത്തിയതെന്ന് സത്യവാങ് മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നത്.

പുറമ്‌ബോക്ക് ഭൂമി അനധികൃതമായി കൈയടക്കി ഫ്‌ലാറ്റ് നിര്‍മിച്ചിരിക്കുകയാണ്. നിര്‍മ്മാണ പ്രവൃത്തികള്‍ പൊളിച്ച് കൈയേറ്റം തിരിച്ചു പിടിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട് എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, റവന്യൂ മന്ത്രി അടൂര്‍പ്രകാശ്, മുന്‍ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍ എന്നിവരെ വിവാദത്തിലാഴ്ത്തിയ സംഭവമായിരുന്നു പാറ്റൂരിലെ വിവാദ ഫ്‌ലാറ്റ് നിര്‍മാണം.

കേസില്‍ അന്വേഷണ പുരോഗതി അറിയിക്കാന്‍ കഴിഞ്ഞദിവസം വിജിലന്‍സ് കോടതി ആവശ്യപ്പെട്ടിരുന്നു. പാറ്റൂരില്‍ സ്വകാര്യ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ 12.45 സെന്റ് സ്ഥലം കൈയേറിയെന്നതാണ് കേസ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം അഞ്ചുപേരെ പ്രതിയാക്കി വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.