മന്‍ കി ബാത്തിലൂടെ മലയാളികള്‍ക്ക് പ്രധാനമന്ത്രിയുടെ ഓണാശംസകള്‍

ന്യൂഡല്‍ഹി: കേരളീയരുടെ ദേശീയോത്സവമായ ഓണത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേദ്ര മോദി. റേഡിയോ സംപ്രേക്ഷണ പരിപാടിയായ മന്‍ കീ ബാത്തിലൂടെയാണ് ഓണാഘോഷത്തെ കുറിച്ചുള്ള മോദിയുടെ വിശേഷണം. കേരളത്തില്‍ ഇപ്പോള്‍ ഓണാഘോഷത്തിന്റെ സമയമാണെന്നും, ഓണം കേരളത്തിന്റെ സമൃദ്ധമായ സാംസ്‌കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സന്ദേശം പകരുന്നതോടൊപ്പം സമൂഹത്തില്‍ പുതിയ ഉത്സാഹവും ആശയാഭിലാഷങ്ങളും വിശ്വാസവുമുണര്‍ത്തുകയും ചെയുന്ന ഉത്സവമാണ് ഓണമെന്നും പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു. മാത്രമല്ല, വിനോദയാത്രകളെ പ്രോത്സാഹിപ്പിക്കുന്ന ഉത്സവമായി ഓണം മാറിക്കഴിഞ്ഞു എന്നും മോദി വ്യക്തമാക്കി.

മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന വിവിധ ആഘോഷങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയുടെ പ്രഭാഷണത്തില്‍ പരാമര്‍ശമുണ്ട്. ഗുജറാത്തിലെ നവരാത്രി ഉത്സവവും, ബംഗാളിലെ ദുര്‍ഗ്ഗാ പൂജാ മഹോത്സവവും ഇതുപോലെ വിനോദയാത്രയെ ആകര്‍ഷിക്കുന്നുണ്ടെന്നും, ഉത്സവങ്ങള്‍ വിദേശികളെ ആകര്‍ഷിക്കാനുള്ള അവസരം കൂടിയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗണേശോത്സവം, ഈദുല്‍ സുഹാ, ജൈനസമൂഹത്തിലെ ‘സംവത്സരി’, ‘പര്യുഷണ്‍’ ആഘോഷങ്ങളിലും മോദി ആശംസ അറിയിച്ചു.