ഭക്ഷണം ലഭിച്ചില്ല; മകന്‍ അമ്മയെ കുത്തിക്കൊന്നു, ഹൃദയം ചട്‌നിയ്‌ക്കൊപ്പം കഴിച്ചു,പോലീസ് പറയുന്നത് ഇങ്ങനെ

അമ്മയെ കൊന്ന 27കാരന്‍ അമ്മയുടെ ഹൃദയം ചട്‌നിക്കൊപ്പം കഴിച്ചെന്ന് പോലീസ്. തിങ്കളാഴ്ച വൈകുന്നേരം കൊല്‍ഹാപൂരിലാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ മകന്‍ ഭക്ഷണം ലഭിക്കാത്തതിന്റെ ദേഷ്യത്തില്‍ അമ്മയെ കത്തിയെടുത്തു കുത്തുകയായിരുന്നു. ശേഷം ചട്‌നിയും കുരുമുളകും ചേര്‍ത്ത് ഹൃദയം ഭക്ഷിച്ചെന്നും പോലീസ് പറയുന്നു.

തുടര്‍ന്ന് ഒരു മണിക്കൂറിനുശേഷം ചോരപുരണ്ട കൈകളുമായി ഇയാള്‍ വീടിനു പുറത്തിറങ്ങിയതായും പോലീസ് പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് സുനില്‍ കുച്ചാകുര്‍ണിയെന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. യെശവാല എന്ന 65കാരിയാണ് കൊല്ലപ്പെട്ടത്.

നിര്‍മാണ തൊഴിലാളിയായ സുനില്‍ വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ് ഷാഹുപുരി പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സഞ്ജയ് മോര്‍ പറയുന്നു. സംഭവം നടക്കുന്ന സമയത്ത് സുനിലിന്റെ ഭാര്യയും കുട്ടികളും മുംബൈയിലെ അവരുടെ വീട്ടിലായിരുന്നു.

നന്നായി മദ്യപിച്ചെത്തിയ സുനില്‍ ആദ്യം ഭക്ഷണം അന്വേഷിച്ച് അയല്‍വീട്ടില്‍ പോയി. എന്നാല്‍ അവിടെ നിന്നും ഒന്നും ലഭിക്കാതായതോടെ തിരിച്ച് വീട്ടിലെത്തി. വീട്ടിലെത്തിയ ഉടന്‍ അമ്മയുമായി വഴക്കിടുകയായിരുന്നു.

പെട്ടെന്ന് ഇയാള്‍ അമ്മയെ കുത്തിക്കൊലപ്പെടുത്തി. പിന്നീട് അമ്മയുടെ ഹൃദയം പുറത്തെടുത്ത് ഒരു പ്ലേറ്റില്‍ നിരത്തി. ഇതിനു മേല്‍ ചട്‌നിയും കുരുമുളകുപൊടിയും സ്‌പ്രേ ചെയ്തു. ശേഷം ഹൃദയത്തിന്റെ ഒരു ഭാഗം ഭക്ഷിച്ചെന്നാണ് പോലീസ് പറയുന്നത്.