ടെസ്റ്റില്‍ ഓസ്ട്രേലിയയെ കറക്കി വീഴ്ത്തി ബംഗ്ലാദേശ് വീരഗാഥ, നേടിയത് ചരിത്ര വിജയം
മിര്‍പൂര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ബംഗ്ലാദേശിന് ചരിത്ര വിജയം. മിര്‍പൂരില്‍ നടന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ 20 റണ്‍സിനാണ് ടെസ്റ്റ് ക്രിക്കറ്റിലെ അതികായന്മാരായ ഓസീസിനെ ബംഗ്ലാദേശ് മുട്ടുകുത്തിച്ചത്. 265 റണ്‍സ് വിജയ ലക്ഷ്യവുമായി രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഓസ്‌ട്രേലിയ മത്സരത്തിലെ നാലാം ദിനത്തില്‍ അമ്പേ പരാജയപ്പെടുന്ന കാഴ്ചയായിരുന്നു കണ്ടത്. 109ന് രണ്ട് എന്ന ശക്തമായ നിലയില്‍ തുടങ്ങിയ ഓസ്‌ട്രേലിയ 244 റണ്‍സ് എടുത്തപ്പോഴേക്കും എല്ലാവരും പുറത്തായി. രണ്ട് ഇന്നിംഗ്‌സുകളിലുമായി പത്തു വിക്കറ്റു വീഴ്ത്തിയ ഷക്കീബ് അല്‍ ഹസന്‍ ആണ് ഓസീസിന്റെ തകര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ചത്.
ഡേവിഡ് വാര്‍ണര്‍ നേടിയ അതിവേഗ സെഞ്ചുറിക്കരുത്തില്‍ മികച്ച നിലയില്‍ മുന്നേറിയ ഓസീസ് നാലംദിനം തുടങ്ങുമ്‌ബോള്‍ ശക്തമായ നിലയിലായിരുന്നു. 109/2 എന്ന നിലയില്‍ കുതിച്ച ഓസീസിനെ, ആദ്യ ഇന്നിംഗ്‌സില്‍ ഓസീസിന്റെ അഞ്ചു വിക്കറ്റെടുത്ത ഷാകിബ് അല്‍ ഹസ്സന്‍, രണ്ടാമിന്നിംഗ്‌സിലും അഞ്ചു വിക്കറ്റുകള്‍ നേടി ചുരുട്ടിക്കെട്ടുകയായിരുന്നു. താജുള്‍ ഇസ്ലാം മൂന്നും, മെഹ്ദി ഹസ്സന്‍ രണ്ടും വിക്കറ്റെടുത്ത് ഷക്കീബിനു മികച്ച പിന്തുണ നല്‍കി. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്‌സില്‍ 260 ഉം, രണ്ടാമിന്നിംഗ്‌സില്‍ 221 റണ്‍സുമാണെടുത്തത്.
രണ്ടാമിന്നിംഗ്‌സില്‍ ആറു വിക്കറ്റെടുത്ത ഓസീസ് സ്പിന്നര്‍ നതാന്‍ ല്യോണാണ് ബംഗ്‌ളാദേശിനെ ചെറിയ സ്‌കോറിലൊതുക്കിയത്. എന്നാല്‍ ആദ്യ ഇന്നിംഗ്‌സില്‍ ഓസീസിനെ 217 റണ്‍സിന് പുറത്താക്കിയ ബംഗ്ലാദേശ് 43 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. മത്സരത്തില്‍ ഓള്‍റൗണ്ട് പ്രകടനം കാഴ്ചവച്ച ഷക്കീബ് 84 റണ്‍സും പത്തുവിക്കറ്റും നേടി കളിയിലെ താരമായി. രണ്ടാം ടെസ്റ്റ് സെപ്തംബര്‍ നാലു മുതല്‍ ആരംഭിക്കും.