നോട്ട് നിരോധനം പരാജയമെന്ന് റിസര്‍വ് ബാങ്ക് ; കള്ളപ്പണവും കള്ളനോട്ടും പിടികൂടാനായില്ല

ന്യൂഡല്‍ഹി : രാജ്യത്ത് നടപ്പിലാക്കിയ നോട്ട് നിരോധനം പരാജയമെന്ന് റിസര്‍വ് ബാങ്ക്. നോട്ട് നിരോധനത്തോടെ അസാധുവാക്കപ്പെട്ട 1000, 500 രൂപാ നോട്ടുകളില്‍ 99 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. റിസര്‍വ് ബാങ്ക് ഇന്നു പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. നോട്ട് അസാധുവാക്കലിനു ശേഷം തിരിച്ചെത്തിയ നോട്ടുകളുടെ കണക്ക് ഇതാദ്യമായാണ് റിസര്‍വ് ബാങ്ക് പുറത്തു വിടുന്നത്. രാജ്യത്ത് കള്ളപ്പണം വലിയതോതില്‍ വ്യാപകമായിരുന്നു എന്ന കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളിക്കളയുന്നതാണ് ആര്‍ബിഐയുടെ റിപ്പോര്‍ട്ട്. ആകെ ഒരു ശതമാനം നോട്ടുകള്‍ മാത്രമാണ് തിരികെയെത്താത്തതായുള്ളു.

6.7ലക്ഷം കോടിയുടെ ആയിരം രൂപ നോട്ടുകളാണ് രാജ്യത്തുണ്ടായിരുന്നത്. ഇതില്‍ 8900 കോടി രൂപയുടെ ആയിരം രൂപ നോട്ടുകള്‍ ഒഴിച്ചുള്ളവ തിരികെയെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 15.44 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് അസാധുവാക്കിയത്. അസാധുവാക്കിയ 1000 രൂപ നോട്ടുകള്‍ ഏറെക്കുറെ പൂര്‍ണ്ണമായും തിരിച്ചെത്തിയെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഇതോടൊപ്പം കള്ളനോട്ട് കാര്യമായി പിടിക്കാനായിട്ടില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. 7,62,072 എണ്ണം കള്ളനോട്ടുകളാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകളില്‍ എത്തിയത്. എന്നാല്‍ എത്ര രൂപയുടെ കള്ളനോട്ടാണ് കണ്ടെത്താനായത് എന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടില്ല. നോട്ട് അസാധുവാക്കല്‍ കള്ളപ്പണത്തേയും കള്ള നോട്ടുകളേയും നേരിടാനെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ നടപടി മൂലം കള്ളപ്പണവും കള്ളനോട്ടും പ്രതീക്ഷിച്ച പോലെ കണ്ടെത്താനായിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പുതിയ 2000, 500 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ മാത്രം 8000 കോടി രൂപ ചിലവാക്കിയിട്ടുണ്ട്. വെറും 16000 കോടി രൂപയുടെ കള്ളപ്പണം പിടിക്കാനാണ് നോട്ട് അസാധുവാക്കലിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചതെന്ന് മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം പരിഹസിച്ചു. അതേസമയം ഏകദേശം 2.5 ലക്ഷം കോടി രൂപയുടെ കള്ളനോട്ട് പിടിച്ചെടുക്കാന്‍ സാധിച്ചു എന്നതാണ് ഈ നടപടികൊണ്ടുണ്ടായ നേട്ടം……