ഹാദിയാക്കേസ്: അന്വഷണത്തിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്ന് ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ പിന്‍മാറി

ന്യൂഡല്‍ഹി: വിവാദമായ ഹാദിയ മതം മാറ്റ കേസിന്റെ മേല്‍നോട്ടച്ചുമതലയില്‍ നിന്ന് റിട്ടയേഡ് ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍ പിന്‍മാറി. താന്‍ ചുമതലയില്‍ നിന്ന് പിന്‍മാറുകയാണെന്ന് രവീന്ദ്രന്‍ സുപ്രിം കോടതിയെ അറിയിച്ചു. എന്നാല്‍ പിന്‍മാറുന്നതിന്റെ കാരണം വെളിപ്പെടുത്താനാകില്ലെന്നു ജസ്റ്റിസ് രവീന്ദ്രന്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് പുതിയ ജഡജിയെ വേണമെന്ന് കേസ് അന്വഷിക്കുന്ന എന്‍.ഐ.എ സുപ്രീം കോടതിയില്‍ ആവശ്യപ്പെടും.

കേസിന്റെ അന്വഷണം എന്‍ ഐ എ പ്രഖ്യാപിച്ച ശേഷം സുപ്രിം കോടതിയാണ് ജസ്റ്റിസ് രവീന്ദ്രനെ മേല്‍നോട്ടച്ചുമതല ഏല്‍പ്പിച്ചത്. എന്‍.ഐ.എ അന്വേഷണംതുടങ്ങിയ സാഹചര്യത്തിലാണ് രവീന്ദ്രന്റെ പിന്‍മാറ്റം. ആഗസ്റ്റ് പതിനാറിനാണ് ഹാദിയ കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്.

അഖില എന്ന പെണ്‍കുട്ടി മതം മാറി വിവാഹം കഴിച്ചത് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ ഹാദിയയുടെ ഭര്‍ത്താവാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹാദിയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഹാദിയ, ഷെഫിന്‍ ദമ്ബതികളുടെ വിവാഹം അസാധുവാക്കി കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിവാഹത്തിന് യുവതിയുടെ കൂടെ രക്ഷാകര്‍ത്താവായി പോയ സ്ത്രീക്കും ഭര്‍ത്താവിനും വിവാഹം നടത്തികൊടുക്കാനുള്ള അധികാരമില്ല, യുവതിയെ കാണാനില്ലെന്ന് ഹേബിയസ് കോര്‍പ്പസ് കേസ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് വിവാഹം നടന്നത് എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിവാഹം അസാധുവാക്കിയത്.