ഗുര്‍മീത് റാം റഹീം സിങ്ങിന്‍റെ ജയില്‍ വാസത്തിന് കാരണമായത് മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിംഗിന്റെ ഇടപെടല്‍ എന്ന് വെളിപ്പെടുത്തല്‍

ദേരാ സച്ഛാ സൗദാ നേതാവ് ഗുര്‍മീത് റാം റഹീം സിംഗ് അഴികല്‍ക്കുള്ളിലാകുവാന്‍ കാരണമായത് മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിംഗിന്റെ ഇടപെടല്‍ എന്ന് വെളിപ്പെടുത്തല്‍. ഗുര്‍മീതിനെതിരായ കേസ് അന്വേഷിച്ച സിബിഐ സംഘതലവന്‍ എം.നാരായണനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗുര്‍മീതിനെതിരായ അന്വേഷണം അട്ടിമറിക്കാന്‍ കടുത്ത സമ്മര്‍ദ്ദമാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗിനും സിബിഐക്കും മേലുണ്ടായിരുന്നത്. എന്നാല്‍ അതില്‍ പതറാതെ പ്രധാനമന്ത്രി മന്മോഹന്‍സിംഗ് സിബിഐക്കൊപ്പം നില്‍ക്കുകയായിരുന്നു. നിയമം അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ മതിയെന്നായിരുന്നു പ്രധാനമന്ത്രി സിബിഐക്ക് നല്‍കിയ നിര്‍ദേശം. ഒരു ദേശിയ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് നാരായണന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പഞ്ചാബിലേയും ഹരിയാണയിലേയും എംപിമാരാണ് അന്വേഷണം അട്ടിമറിക്കുവാന്‍ പ്രധാനമന്ത്രിക്ക് മേല്‍ കാര്യമായ സമ്മര്‍ദ്ദം ചെലുത്തിയതെന്നും അദ്ധേഹം വെളിപ്പെടുത്തുന്നു.

ആശ്രമത്തില്‍ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് 2002-ലാണ് പരാതി ലഭിച്ചതെങ്കിലും ഇതേക്കുറിച്ചുള്ള സംസ്ഥാന പോലീസിന്റെ അന്വേഷണം എവിടെയുമെത്താതെ നീങ്ങുകയായിരുന്നു. ഇതില്‍ കടുത്ത അതൃപ്തി അറിയിച്ച കോടതി അന്വേഷണം സിബിഐയെ ഏല്‍പിച്ചു. എന്നാല്‍ കേസ് ആദ്യം അന്വേഷിച്ച സിബിഐ സംഘത്തിന് കടുത്ത സമ്മര്‍ദ്ദത്തില്‍ അന്വേഷണം ഒരു ചുവടു പോലും മുന്നോട്ട് കൊണ്ടു പോകാനായില്ല. ഇതോടെ ചണ്ഡീഗഢ് ഹൈക്കോടതി വീണ്ടും ഇടപെട്ടു സിബിഐ മേധാവിയായ വിജയ് ശങ്കറിനെ കോടതിയിലേക്ക് വിളിച്ചു വരുത്തി വിശദീകരണം ആരായുക വരെ ചെയ്തു. 1999-നും 2002-നും ഇടയില്‍ ഇരുന്നൂറോളം സന്ന്യാസിനിമാര്‍ ആശ്രമം വിട്ടു പോയതായി ഞങ്ങള്‍ കണ്ടെത്തി. കൊടിയ ലൈംഗീകപീഡനത്തെ തുടര്‍ന്നായിരുന്നു ഇവരെല്ലാം ആശ്രമം വിട്ടു പോയത്. ഇതിനിടയില്‍ ഗുര്‍മീതിനെതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിക്ക് മേല്‍ തുടര്‍ച്ചയായി എം.പിമാര്‍ സമ്മര്‍ദ്ദം ചെലുത്തി.