നാഗസാക്കിയിലെ അണുബോംബാക്രമണത്തെ അതിജീവിച്ച പോസ്റ്റുമാന്‍ അന്തരിച്ചു

ടോക്കിയോ:രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാനിലെ നാഗസാകിയില്‍ അമേരിക്ക വര്‍ഷിച്ച അണുബോംബാക്രമണത്തെ അതിജീവിച്ച പോസ്റ്റുമാന്‍ സുമിതേരു താനിഗുച്ചി (88) മരണത്തിനു കീഴടങ്ങി. അര്‍ബുദ ബാധയെത്തുടര്‍ന്ന് തെക്ക്പടിഞ്ഞാറന്‍ ജപ്പാനിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം. ലോകത്തെ ആദ്യത്തെ അണുബോംബാക്രമണത്തിന്റെ ഇരയായ താനിഗുച്ചി
ആണവ നിരായുധീകരണ പ്രചരണവുമായി രാജ്യത്തും പുറത്തും സഞ്ചരിച്ചു. അദ്ദേഹത്തിന്റെ ജീവിതവും അനുഭവവുമായിരുന്നു പ്രചരണത്തിനായി ഉപയോഗിച്ചത്.ആണവായുധങ്ങള്‍ മുനുഷ്യവംശത്തെ രക്ഷിക്കില്ലെന്നത് പുതുതലമുറ ഓര്‍മ്മിക്കണമെന്ന സന്ദേശമാണ് താനിഗുച്ചി പ്രചരിപ്പിച്ചത്.

1945ല്‍ അമേരിക്ക നാഗസാകിയില്‍ അണുബോംബ് വര്‍ഷിച്ചപ്പോള്‍ താനി ഗുച്ചിക്കു പതിനാറു വയസ്സാണ്. അന്ന് പോസ്റ്റുമാനായിരുന്ന സുമിതേരു താനിഗുച്ചി സൈക്കിളില്‍ കത്തുകള്‍ നല്‍കാന്‍ വേണ്ടി പോവുകയായിരുന്നു. ബോംബാക്രമണത്തില്‍ അദ്ദേഹത്തിന് ഗുരുതരമായി പൊള്ളലേറല്‍ക്കുകയുണ്ടായി.

ആ ദിവസത്തെക്കുറിച്ച് താനി ഗുച്ചി പറയുന്നതിങ്ങനെ. ‘ബോംബ് വര്‍ഷിച്ച നാഗസാകിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ സൈക്കിളില്‍ പോയികൊണ്ടിരിക്കുകയായിരുന്നു. മഴവില്ലുപോലെ തെളിഞ്ഞ പ്രകാശത്തിനു പിന്നലെ ഇരുട്ടുപടരുകയും പ്രദേശമൊന്നാകെ തകരുകയും ചെയ്തു. തെറിച്ചു വീണ തന്റെ ഇടതുകൈയ്യുടെ വിരല്‍ തുമ്ബില്‍ നിന്നും മുതുകുവരെയുള്ള തൊലി പാടെ പൊള്ളി തൂങ്ങി. പതിയെ പുറത്തുതൊട്ടപ്പോള്‍ വസ്ത്രമൊന്നുമില്ലായിരുന്നു. ഇടതുകൈയ്യിലും മുതുകിലും പൂര്‍ണമായും പൊളളലേറ്റിരുന്നു. കണ്ണുതുറക്കുമേ്ബാള്‍ ചുറ്റും കരിഞ്ഞ മൃതദേഹങ്ങളും തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ നിന്ന് ജീവനായുള്ള നിലവിളികളും, മാംസം അടര്‍ന്നു വീഴ്ന്നുകൊണ്ടിരുക്കുന്ന ജീവനുകള്‍.. ആ പ്രദേശം തീകടലായി മാറിയിരുന്നു. അത് ഒരു നരകമായി”-

ബോംബാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം മൂന്നര വര്‍ഷമാണ് ആശുപത്രിയില്‍ കഴിഞ്ഞത്.