മുന്‍കരുതലെടുത്താല്‍ ഓണം ‘നല്ലോണം’ ; വിപണി കീഴടക്കി വ്യാജന്‍മാരും മായം കലര്‍ന്ന ഭക്ഷണവും
ഓണവിപണി സജീവമാണ് എല്ലാവരും ഓണ സദ്യയൊരുക്കനുള്ള സാധനങ്ങള്‍ വാങ്ങാന്‍ നെട്ടോട്ടത്തിലുമാണ്. എന്നാല്‍ വ്യാജന്മാരാണ് വിപണിയിലെ മുഖ്യവില്ലനാകുന്നത്. പല സാധനങ്ങളുടെയും വ്യാജന്മാരെ വിപണിയില്‍ സുലഭമായിക്കിട്ടും.
വിലക്കുറവിലും അല്ലാതെയുമെല്ലാം. അരി, മുളകുപൊടി, പപ്പടം, പാല്‍, ഉപ്പ്, വെളിച്ചെണ്ണ തുടങ്ങി സര്‍വത്ര മായം. എങ്ങനെ നോക്കിയാലും രക്ഷപ്പെടല്‍ അസാധ്യമാണ് എങ്കിലും അല്‍പ്പം ശ്രദ്ധിക്കാമല്ലോ..
എന്താണ് മായം എന്ന് അറിയാമോ ?..
ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം കുറയ്ക്കുന്നതും ആരോഗ്യത്തിന് ഹാനികരവുമായആയ ഏത് വസ്തുവും ഭക്ഷ്യധാന്യങ്ങളിലും പദാര്ഥങ്ങളിലും ചേര്‍ക്കുന്നത് മായമാണ്. തെറ്റായ രീതിയിലും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെയും അവകാശ വാദങ്ങളിലൂടെയും വില്‍ക്കുന്ന ഇത്തരം വസ്തുക്കളില്‍ പലതിന്റെയും പിന്നിലെ ലക്ഷ്യം വിപണിയില്‍ ഉത്സവനാളുകളില്‍ നിന്നള്ള കൊള്ളലാഭം തന്നെയാണ്.
ഓണ വിപണിയില്‍ പ്രധാനമായും എന്തിലൊക്കെയാണ് മായം കലര്‍ത്തുന്നത്
അരി
വില കുറഞ്ഞ വെള്ള അരി റെഡ് ഓക്‌സൈഡ് ചേര്‍ത്ത് വില മാറ്റം വരുത്തി കുത്തരിയുമാക്കുന്നത് വ്യാപകം അതുപോലെ പല അരിയുടെയും നിറം മാറ്റാനായി പലതരം കളറുകള്‍ ഉപയോഗിച്ച് വരുന്നു. അരിയുടെ അളവ് കൂട്ടാന്‍ തൂക്കത്തിനായി പല തരം വെളുത്ത കല്ലുകളും വെള്ളാരം കല്ലുകളും മറ്റും ഉപയോഗിക്കുന്നു. ഒപ്പം ഈയടുത്തായി പ്ലാസ്റ്റിക് നിര്‍മിതമായ അരി വരെ രംഗത്തെത്തിയിരിക്കുന്നു. അരി വാങ്ങുമ്പോള്‍ ഗുണനിലവാരമുള്ള ബ്രാന്‍ഡ് നോക്കി വാങ്ങുക. അരി കഴുകുമ്പോള്‍ നിറം മാറുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക തുടങ്ങിയ പോംവഴികള്‍ സ്വീകരിക്കാവുന്നതാണ്.
ഉപ്പ്
ഉപ്പില്‍ പ്രധാനമായും വില്ലനായി വരുന്നത് പൊടിയുപ്പില്‍ കട്ട പിടിക്കാതിരിക്കാനായി ചേര്‍ക്കുന്ന ആന്റി കെയ്ക്കിങ് ഏജന്റ്‌സ് ആണ്. ഇതിനായി സോഡിയം സിലിക്കേറ്റ് അംശം ഉള്ള ചില്ലുപൊടിയോ മണല്‍ത്തരിയോ ആണ് ചേര്‍ക്കുന്നത്. പൊടിയുപ്പിനു പകരം കല്ലുപ്പ് ശീലമാക്കുക.
പാല്‍
ഏതു കാലത്തും മായം വലിയ തോതില്‍ കലര്‍ത്തപ്പെട്ടിട്ടുള്ള ഒന്ന് പാല്‍ തന്നെയാണ്. കൊഴുപ്പ് കൂട്ടാനായി പാല്‍പ്പൊടി, ഇന്‍ഡസ്ട്രിയല്‍ സ്റ്റാര്‍ച്ച്, സോപ്പ് പൊടി തുടങ്ങി വനസ്പതി വരെ കൂട്ടൂന്നു. അളവ് കൂട്ടാന്‍ വെള്ളവും കൂട്ടുന്നു. പാലിന്റെ അമ്ലത കുറയ്ക്കാനായി സോഡിയം കാര്‍ബോണൈറ്റും ചേര്‍ക്കുന്നു .കൃത്യമായി പാസ്ച്വറൈസ് ചെയ്യാത്തതിനാല്‍ പല കമ്പനികളുടെ പാലും ആരോഗ്യത്തിനു ദോഷകരമാണ്.
മുളക്‌പൊടി
മുളകുപൊടിയില്‍ കാര്യമായി നിരത്തിനായി അമിതതോതിലുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നു. ഒപ്പം ഇഷ്ടികപ്പൊടി അളവ് കൂട്ടുന്നതിനായും ഉപയോഗിക്കുന്നു. പൊതുവെ നിലവാരം കുറഞ്ഞ അസംസ്‌കൃത വസ്തുക്കളില് നിന്നുണ്ടാക്കുന്ന മുളക് പൊടിക്ക് നല്ല ചുവന്ന നിറം ലഭിക്കാന് സുഡാന് 1, 2, 3, 4 എന്നിവ ചേര്‍ക്കുന്നു. ഇത് എണ്ണയിലിട്ടാല്‍ അലിയുന്നതും ആണ്. അതിനാല്‍ പെട്ടെന്ന് കണ്ടെത്താനും ആവില്ല. ഇഷ്ടികപ്പൊടി ടെസ്റ്റ് ചെയ്യുന്നതിനായി അല്പം വെള്ളത്തിലിട്ടാല്‍ മതിയാകും.
എങ്ങിനെയാണ് മായം
ജൈവ മായം, രാസമായം, ഭൗതിക മായം എന്നിങ്ങനെ മൂന്നു തരത്തിലാണ് ഭക്ഷണവസ്തുക്കളില്‍ പ്രധാമമായും മായം ഉണ്ടാവുക. ഭക്ഷ്യ വിഷബാധയുടെ പ്രധാന കാരണക്കാരായ ബാക്ടീരിയ, ഫംഗസ്, വൈറസ് തുടങ്ങിയവയാണ് ജൈവമായം എന്നത്. ഭക്ഷണം കേടാകാതിരിക്കാനും രുചിക്കും മറ്റുമായി ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ നീണ്ട ഒരു ലിസ്റ്റ് തന്നെയുണ്ട്, പലതും അംഗീകാരമില്ലാത്തവയാണ്. ഇവയാണ് രാസമായം. കല്ല്, ചില്ലുപൊടി, മണ്ണ് തുടങ്ങി സാധനങ്ങളുടെ അളവ് കൂട്ടുന്നതിനായി കൃത്വിമമായി ഉപായയോഗിക്കുന്നവയാണ് ഖരമായം കൊണ്ട് ഉദ്ദേശിക്കുന്നത്.
കളറുകള്‍
ക്ലോറോഫില്, കരാമല്‍ തുടങ്ങിയ പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന സ്വാഭാവിക നിറങ്ങളെ ഭക്ഷണ പദാര്‍ഥങ്ങളില്‍ ഉപയോഗിക്കാം. എന്നാല്‍ അവയേക്കാള്‍ കൂടുതല്‍ നിറം പകരുന്ന കൃത്രിമമായി വികസിപ്പിച്ചെടുത്ത ഒട്ടനവധി നിറങ്ങള്‍ ഇന്ന് മാര്‍ക്കറ്റില്‍ സുലഭമാണ്. അതേ സമയം നിയമപരമായി അനുവദിക്കപ്പെട്ടിട്ടുള്ള കളറുകളും ഉണ്ട്. നിയമം അനുശാസിക്കുന്ന അവയുടെ തോത് അനുസരിച്ച് ഇത് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് തെറ്റില്ല. എന്നാല്‍ ആരോഗ്യത്തിനു ദോഷകരമാകും വിധം അമിതമായി ചേര്‍ക്കപ്പെടുന്ന ഏതൊരു കലറും ശരീരത്തിന് ഹാനികരമാണ് എന്ന് മാത്രമല്ല നിയമപരമായി വലിയ പിഴ ലഭിക്കാവുന്ന കുറ്റവുമാണ്.
സണ്‍സെറ്റ് യെല്ലോ, കാര്‍മോസിന്, പൊന്ക്യൂ 4 ആര്‍, എറിത്രോസിന്, ബ്രില്യന്റ് ബ്ലൂ, ഇന്‍ഡിഗോകാര്‍മൈന്‍, ഫാസ്റ്റ് ഗ്രീന്‍ എന്നിവയാണ് ഇന്ത്യയില്‍ അനുവദനീയമായ നിറങ്ങള്‍. ഐസ്‌ക്രീമുകള്‍ ബിസ്‌കറ്റുകള്‍, ഫ്രൂട്ട് സിറപ്പുകള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ തുടങ്ങി പലതിലും ഇവ ചേര്‍ക്കപ്പെടുന്നു.
പ്രിസര്‍വേറ്റിവുകള്‍
ഭക്ഷണം കേടുവരാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങളാണ് പ്രിസര്‍വേറ്റിവുകള്‍. ഇവയെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ഉപ്പ്, വിനാഗിരി, മധുരം എന്നിവയാണ് ഇതില്‍ ഒന്നാമത്തത്. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തന്നെ ആയതിനാല്‍ ഇവ ഉപയോഗിക്കുന്നതിനു നിയന്ത്രണമില്ല. എത്ര അളവിലും ഉപയോഗിക്കാം.
ബെന്‌സോയേറ്റ്‌സ്, സേര്‌ബേറ്റ്‌സ്, നൈട്രൈറ്റ്‌സ്, നൈട്രേറ്റ്‌സ് ഓഫ് സോഡിയം, സള്‌ഫൈറ്റ്‌സ് എന്നിവ അടങ്ങിയതാണ് രണ്ടാമത്തെ വിഭാഗം പ്രിസര്‍വേറ്റിവുകള്‍. രാസപദാര്‍ത്ഥങ്ങളായ ഇവ ഉപയോഗിക്കുന്നതിനു നിയന്ത്രണങ്ങളുണ്ട്. അതും കുറഞ്ഞ അളവില്‍ നിയമം അനുവദിച്ചിട്ടുള്ള ചില ഭക്ഷണങ്ങളില്‍ മാത്രം.
മുന്‍കരുതലുകള്‍ എവിടെ പരാതിപ്പെടാം
ഇവ കൂടാതെ മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, വെളിച്ചെണ്ണ, എള്ളെണ്ണ, ചായപ്പൊടി, മീന്‍, ഇറച്ചി, ധാന്യങ്ങള്‍, ഓയില്‍, പലഹാരങ്ങള്‍ തുടങ്ങി നമ്മള്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിച്ചു പയോഗിക്കുന്ന സകലതിലും ഒട്ടനവധി മായം ചേര്‍ക്കപ്പെടുന്നുണ്ട്. ഗുണമേന്മ ഉറപ്പുവരുത്താന്‍ കഴിയുന്ന ബ്രാന്‍ഡുകള്‍ തിരഞ്ഞെടുക്കുക.
പൊടി സാധനങ്ങള്‍ കഴിവതും സ്വയം പൊടിച്ച് ഉപയോഗിക്കുക എന്നിവയൊക്കെ ചെയ്താല്‍ ഒരു പരിധി വരെ ഇത്തരം പ്രശ്‌നങ്ങളില്‍ അകപ്പെടാതെയിരിക്കാം. എന്നാലും സൂക്ഷിക്കുക ഈ വ്യാജന്മാരെ. രണ്ടു കണ്ണും തുറന്നു പിടിച്ചുകൊണ്ടു തന്നെ.
ഇത്തരം മായം ചേര്‍ന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുകയോ സംശയകരമായി എന്തെങ്കിലും തോന്നുകയോ ചെയ്താല്‍ ഫുഡ് സഫറെയ് ഓഫീസര്‍ക്ക് പരാതി നല്‍കുക. എല്ലാ താലൂക്ക് ഓഫീസുകളിലും ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുണ്ട്. ഇവ കൂടാതെ ഓരോ ജില്ലയിലും ഇതിനായി മാത്രമുള്ള ഒരു ഡെസിഗ്‌നേറ്റഡ് ഓഫിസറും ഉണ്ട്.
ഇതിനും പുറമെ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ മൂന്ന് മേഖലകളിലുള്ള റീജ്യണല് വിജിലന്‍സ് സ്‌ക്വാഡ് ഓഫീസുകളിലും പരാതി നല്‍കാം. ഫോണ്‍ വഴിയോ നേരിട്ടോ പരാതി നല്‍കാം.
വിളിക്കേണ്ട നമ്പര്‍: 18004251125 (Kerala Commissionerate Of Food Saftey)