സ്വാശ്രയത്തില്‍ ‘ആശ്രയമില്ലാതെ’… സ്‌പോട്ട് അഡ്മിഷന്‍ ഇന്ന്; ബാങ്ക് ഗ്യാരണ്ടി സംബന്ധിച്ച് ഇന്ന് സര്‍ക്കാര്‍ ബാങ്കുകളുമായി ചര്‍ച്ച

സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനയ്‌ക്കെതിരായ പ്രതിഷേധം കനക്കുന്നതിനിടെ ആശയക്കുഴപ്പങ്ങളുമായി 23 കോളജുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഇന്ന്. അഞ്ച് ലക്ഷം രൂപ ഫീസും ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരന്റിയും ഉള്‍പ്പടെ 11 ലക്ഷമാണ് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിനു വേണ്ടത്. ബാങ്ക് ഗ്യാരന്റിയുമായി ബന്ധപ്പെട്ട കാര്യത്തിലെ കടുത്ത ആശങ്കകള്‍ നിലനില്‍ക്കെയാണ് പ്രവേശന നടപടികള്‍ പുരോഗമിക്കുന്നത്.

അതേസമയം, ബാങ്ക് ഗ്യാരന്റി സംബന്ധിച്ച പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇന്ന് ബാങ്കുകളുമായി ചര്‍ച്ച നടത്തും. ബാങ്ക് ഗ്യാരന്റിയുടെ പേരില്‍ ആരുടെയും പ്രവേശനം മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കാനാണു സര്‍ക്കാര്‍ ശ്രമം.

സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മറ്റിയില്‍ അംഗങ്ങളായ ബാങ്കുകളുടെ പ്രതിനിധികള്‍ പങ്കെടുക്കും. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ബാക്കിയുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് പ്രവേശനമാണ് ഇന്നും നാളെയുമായി തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ നടക്കുന്നത്. ഡി.എം. വയനാട്, അല്‍ അസര്‍, മൗണ്ട് സിയോണ്‍ എന്നീ കോളജുകളിലേക്കുള്ള അലോട്ട്‌മെന്റും പ്രവേശനവും ഇതിനൊപ്പം നടക്കും. കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ എന്നീ കോളജുകള്‍ ബാങ്ക് ഗ്യാരണ്ടി വേണ്ട, ബോണ്ട് മതി എന്ന് അറിയിച്ചിട്ടുണ്ട്.

ധനവകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാമാണ് ബാങ്കുകളുമായി ചര്‍ച്ച നടത്തുന്നത്. കുട്ടികള്‍ക്ക് ആവശ്യമായ ബാങ്ക് ഗ്യാരന്റി നല്‍കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.