പദ്മനാഭസ്വാമി ക്ഷേത്രം മൂലവിഗ്രഹം സുരക്ഷിതം; അമിക്കസ് ക്യൂറിയുടെ പരിശോധന പൂര്‍ത്തിയായി
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിന്റെ പരിശോധന അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. മൂലവിഗ്രഹത്തിന് ഗുരുതരമായ കേടുപാടുകള്‍ ഇല്ലെന്നും, പൂര്‍ണമായും സുരക്ഷിതമാണെന്നും പരിശോധനകള്‍ക്കുശേഷം ഗോപാല്‍ സുബ്രഹ്മണ്യം പറഞ്ഞു.
ബുധനാഴ്ച രാവിലെ ആരംഭിച്ച പരിശോധന വൈകുന്നേരത്തോടെയാണ് പൂര്‍ത്തിയാക്കിയത്. മൂലവിഗ്രഹത്തിന് കേടുപാട് സംഭവിച്ചുവെന്ന പരാതിയെത്തുടര്‍ന്നാണ് സുപ്രീംകോടതിയുടെ അനുമതിയോടെ പരിശോധന നടത്തിയത്. പരിശോധനക്കായി ചൊവ്വാഴ്ച എത്തിയ ഗോപാല്‍ സുബ്രഹ്മണ്യം തന്ത്രിമാര്‍ വാസ്തുവിദഗ്ധര്‍, ക്ഷേത്ര പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്.
ഇന്ന് നടന്ന പരിശോധനകള്‍ക്കു ശേഷം ബി നിലവറ തുറക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ ഗോപാല്‍ സുബ്രഹ്മണ്യം രാജകുടുംബവുമായി ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്.