ഉത്തര്‍പ്രദേശ് ഉപ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ് മല്‍സരിക്കില്ല; എം.എല്‍.സിയാകും

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കില്ല.പകരം എം.എല്‍.സിയായി നിയമസഭ കൗണ്‍സിലിലേക്ക്(ലെജിസ്‌റ്റേറ്റീവ് കൗണ്‍സില്‍) എത്താനാണ് യോഗിയുടെ ശ്രമം. തെരഞ്ഞെടുപ്പ് നേരിടുന്നതിനു പകരം ലജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് ആദിത്യനാഥിനെയും ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ, മന്ത്രി സ്വതന്ത്രദേവ് സിങ് എന്നിവരെയും ബിജെപി നാമനിര്‍ദേശം ചെയ്യും.

ആദിത്യനാഥ് ഗോരഖ്പൂര്‍ എം.പിയും കേശവ് പ്രസാദ് മൗര്യ ഫൂല്‍പുര്‍ എം.പിയുമാണ്. മന്ത്രിസഭയില്‍ തുടരണമെങ്കില്‍ ഇവര്‍ യു.പി നിയമസഭയില്‍ അംഗമാകണം. ഇതിനായി നിയമ നിര്‍മാണസഭയിലേക്കോ കൗണ്‍സിലിലേക്കോ ഇവര്‍ വിജയിക്കണം. നിയമ നിര്‍മാണ സഭയിലെത്തണമെങ്കില്‍ മൂവരും ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കണം. എന്നാല്‍ നിലവിലെ യു.പി നിയമസഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് എളുപ്പത്തില്‍ മൂവര്‍ക്കും നിയമനിര്‍മാണ കൗണ്‍സിലിലേക്ക് എത്താന്‍ സാധിക്കും.

നിയമസഭാംഗമല്ലാത്തതിനാല്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റ യോഗി ആദിത്യനാഥ് ചട്ടപ്രകാരം ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കുകയോ ലജിസ്ലേറ്റീവ് കൗണ്‍സിലില്‍ അംഗമാകുകയോ വേണം. അല്ലാത്തപക്ഷം മുഖ്യമന്ത്രി പദം നഷ്ടമാകുന്നതാണ്.