നാലാം ഏകദിനം ഇന്ന്, മുന്നൂറാം മത്സരം കളിക്കുന്ന ധോണിയെ കാത്തിരിക്കുന്നത് രണ്ടു റെക്കോര്‍ഡുകള്‍
കൊളംബോ: നാലാം ഏക ദിനവും ജയിച്ച് സമ്പൂര്‍ണ്ണ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ നിന്നിറങ്ങുമ്പോള്‍ മുന്‍ നായകന്‍ ധോണിയിലാവും എല്ലാ കണ്ണുകളും. ഏകദിന, ട്വന്റി-20 ലോക കിരീടങ്ങള്‍ ഇന്ത്യയിലെത്തിച്ച ധോണി ഇന്നിറങ്ങുന്നത് തന്റെ 300ാം ഏകദിനം കളിക്കാനാണ്. ധോണിയെ കാത്തിരിക്കുന്നതാകട്ടെ രണ്ട് ലോക റെക്കോര്‍ഡുകളും. ഇന്ന് സ്റ്റാമ്പിങ്ങിലൂടെ ഒരു വിക്കറ്റ് നേടാന്‍ കഴിഞ്ഞാല്‍ വിക്കറ്റിന്റെ പിറകില്‍ നിന്ന് സ്റ്റമ്പിങ്ങിലൂടെ 100 പേരെ പുറത്താക്കി എന്ന റെക്കോര്‍ഡ് ധോണിക്ക് സ്വന്തമാക്കാം.
ഇപ്പോള്‍ സംഗക്കാരക്കൊപ്പം 99 വിക്കറ്റുകളാണ് ധോണി സ്വന്തമാക്കിയിട്ടുള്ളത്. ധോണിയെ കാത്തിരിക്കുന്ന മറ്റൊരു നേട്ടം നോട്ട്ഔട്ടുകളുടെ ലോക റെക്കോര്‍ഡാണ്. 72 നോട്ട് ഔട്ടുകളുമായി ശ്രീലങ്കന്‍ പേസ് ബൗളര്‍ ചാമിന്ദവാസും, ദക്ഷിണാഫ്രിക്കന്‍ നായകനായിരുന്ന ഷോണ്‍ പൊള്ളോക്കും നിലവില്‍ ധോണിക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ്.
മുന്നൂറാം മത്സരത്തില്‍ ധോണി ഈ രണ്ട് റെക്കോര്‍ഡുകളും സ്വന്തമാക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്. ഇന്ന് ഉച്ചക്ക് 2.30ന് കൊളംബോയിലാണ് മത്സരം. നേരത്തെ ആദ്യ മൂന്ന് ഏകദിനങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയതിനാല്‍ ഇന്ത്യയെ സംബന്ധിച്ചടുത്തോളം നിര്‍ണായകമല്ല മത്സരം. എന്നാലും നാലാം ഏകദിനവും ജയിച്ച് ശ്രീലങ്കയില്‍ ഒരു വൈറ്റ് വാഷിനുള്ള ഒരുക്കത്തിലാണ് കോഹ്ലിയും കൂട്ടരും.
അതെ സമയം ടെസ്റ്റിന് പിന്നാലെ ഏകദിന പരമ്പരയും കൈവിട്ട ലങ്കയ്ക്ക് കനത്ത വിമര്‍ശനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നേരിടേണ്ടി വന്നത്. ആരാധകരും കൈവിട്ടതോടെ ഒരു മത്സരമെങ്കിലും ജയിച്ച് മാനം രക്ഷിക്കാനാവും ശ്രീലങ്കയുടെ ശ്രമം.