ബേനസീര്‍ ഭൂട്ടോ വധക്കേസ്: മുഷാറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
ഇസ്ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട കേസില്‍ പാക് മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കേസ് പരിഗണിച്ച തീവ്രവാദ വിരുദ്ധ കോടതിയാണ് മുഷാറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഭൂട്ടോയെ കൊലപ്പെടുത്തിയ അഞ്ച് തീവ്രവാദികളെ പാകിസ്താനിലെ ഒരു മതപുരോഹിതന്‍ അഭിനന്ദിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത് വന്നിരുന്നു. ഈ ശബ്ദരേഖ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് വ്യാജമായി നിര്‍മ്മിച്ചതാണെന്ന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ (എഫ്ഐഎ) പ്രോസിക്യൂട്ടര്‍ മുഹമ്മദ് അസര്‍ ചൗധരി കോടതിയെ അറിയിച്ചു.
ഇക്കാര്യം കണക്കിലെടുത്താണ് പര്‍വേസ് മുഷറഫിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.മുഷറഫിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ 2013 ലാണ് പര്‍വെസ് മുഷറഫിനെ പ്രതിചേര്‍ക്കുന്നത്. അതിനുശേഷം ദുബായിലാണ് മുഷറഫ്. കേസില്‍ അന്നത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ സൗദ് അസീസിന് കോടതി 17 വര്‍ഷം തടവുശിക്ഷ വിധിച്ചു. മറ്റു പ്രതികളെ കോടതി വെറുതെവിട്ടു. ബേനസീര്‍ വധിക്കപ്പെട്ട സമയത്ത് റാവല്‍പിണ്ടിയിലെ പോലീസ് മേധാവിയായിരുന്നു തടവുശിക്ഷ ലഭിച്ച സൗദ് അസീസ്. രണ്ട് തവണ പാക് പ്രധാനമന്ത്രി ആയിരുന്ന ബേനസീര്‍ ഭൂട്ടോ 2007 ഡിസംബര്‍ 27 ന് റാവല്‍പിണ്ടിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.