ആഡംബരത്തിന്റെ അവസാന വാക്കായ ആള്‍ദൈവത്തിന്റെ വീടും അത്യാഡംബരം; വീഡിയോ പുറത്ത്

ബലാല്‍സംഗ കേസില്‍ പിടിയിലായ വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീമിന്റെ ആഡംബര വസതിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായ മാറിയിരിക്കുകയാണ്. സി.ബി.ഐ കോടതി 20 വര്‍ഷം ശിക്ഷിച്ച ആള്‍ ദൈവത്തിന്റെ വീട് കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് നടത്തിയിരുന്നു.  ഗുര്‍മീതിന്റെ വീട്ടിലെ ആഡംബരങ്ങള്‍ പോലീസിനെപ്പോലും ഞെട്ടിച്ചെന്നാണ് റിപ്പോര്‍ട്ട്. വീട് റെയ്ഡ് നടത്തുന്നതിനിടയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പകര്‍ത്തിയ വീഡിയോയാണ് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്.

അത്യാഡംബരങ്ങള്‍ നിറഞ്ഞ വീട്ടിലെ ചുവരുകളില്‍ റാം റഹീമിന്റെ വലിയ ഛായചിത്രങ്ങള്‍ കാണാം. ആഹാരം കഴിക്കുന്ന പാത്രം മുതല്‍ വില കൂടിയ പ്രത്യേക ഡിസൈനിലുള്ള ടൈലുകള്‍ പതിപ്പിച്ച വീടിന്റെ ചുവരുകള്‍ വരെ എത്തി നില്‍ക്കുന്നു റാം റഹീമിന്റെ ആഡംബരം. വില കൂടിയ ഫര്‍ണിച്ചറും വീടിന്റെ ആഡംബരം കൂട്ടുന്നു.

സ്വീകരണ മുറിയുടെ ഒരു ഭാഗത്താണ് വിവാദ ആള്‍ദൈവത്തിന്റെ കിടപ്പുമുറിയുടെ വാതില്‍. പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെ പണിതിരിക്കുന്ന ഈ വാതില്‍ പോലീസ് ഏറെ ശ്രമകരമായി ചവിട്ടി തുറന്നാണ് അകത്ത് കടന്നത്.

കണ്ണഞ്ചിപ്പിക്കുന്ന ആഡംബര മുറിയിലായിരുന്നു സ്വാമിയുടെ പള്ളിയുറക്കം എന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തം. ഇന്ത്യയിലുടനീളം ആള്‍ദൈവത്തിനുള്ള നിരവധി വസതികളില്‍ ഒന്നിന്റെ ദൃശ്യങ്ങള്‍ മാത്രമാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.