ആഗസ്റ്റ് 29 അര്‍ദ്ധരാത്രി മുതല്‍ ഹ്യൂസ്റ്റണില്‍ കര്‍ഫ്യൂ-മേയര്‍

പി.പി. ചെറിയാന്‍

ഹ്യൂസ്റ്റണ്‍: നാളിതു വരെ ദര്‍ശിച്ചിട്ടില്ലാത്ത ഏറ്റവും ഭയാനകമായ വെള്ളപ്പൊക്ക കെടുതി നേരിടുന്ന ഹ്യൂസ്റ്റണില്‍ ആഗസ്റ്റ് 29 അര്‍ദ്ധരാത്രി മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതായി ഇന്ന് വൈകീട്ട് നടത്തിയ പത്ര സമ്മേളനത്തില്‍ മേയര്‍ പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ട് മഴക്ക് ശമനമായതോടെ വെള്ളം ഇറങ്ങി തുടങ്ങി. കഴിഞ്ഞ 4 ദിവസമായി 50 ഇഞ്ചുകളിലധികമാണ് ഹ്യൂസ്റ്റണ്‍ പ്രദേശങ്ങളില്‍ മഴ ലഭിച്ചത്. വെള്ളത്തിലും, ചെളിയിലും പെട്ടവരെ ഇപ്പോഴും ഹെലികോപ്റ്റര്‍ ഉപയോഗിച്ചു രക്ഷപ്പെടുത്തികൊണ്ടിരിക്കുന്നതായി മേയര്‍ അറിയിച്ചു.

4.5 മില്യണ്‍ ജനങ്ങളാണ് വെള്ളപ്പൊക്ക് കെടുതിയില്‍ വീര്‍പ്പു മുട്ടുന്നത്. ഏകദേശം 444 ചതുരശ്ര മൈല്‍ പ്രദേശം വെള്ളത്തിനടിയിലാണ്. മഴ നിലച്ചതോടെ ഫാസ്റ്റ് ഫുഡു കടകളും, മറ്റും തുറന്ന പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ജനം വീടുകളിലേക്ക് മടങ്ങി തുടങ്ങിയതോടെ കള്ളന്മാരുടെ ശല്യവും വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിനെ നേരിടുന്നതിനാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചതെന്ന് മേയര്‍ ചൂണ്ടികാട്ടി.

മാസങ്ങളോളം കഴിഞ്ഞാലെ പൂര്‍വ്വ സ്ഥിതിയിലേക്ക് ഹ്യൂസ്റ്റണ്‍ തിരിച്ചെത്തുകയുള്ളൂ എന്ന മേയര്‍ പറഞ്ഞു. നാശനഷ്ടങ്ങളുടെ കണക്കുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതായും, വെള്ളപാച്ചലില്‍ കാണാതായവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരുന്നതായും മേയര്‍ പറഞ്ഞു.