സ്വാതന്ത്രത്തിനു ശേഷം ആദ്യമായി കരസേനയില്‍ വന്‍ അഴിച്ചുപണി:57000 സൈനികരെ പുനര്‍ വിന്യസിക്കും
രാജ്യം സ്വാതന്ത്രമായതിനുശേഷം ആദ്യമായി കരസേനയില്‍ വ്യാപകമായ അഴിച്ചുപണി. ഓഫീസര്‍മാരടക്കം 57,000 സൈനികരെ പുനര്‍വിന്യസിക്കാനാണ് ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനമെടുത്തത്.
സൈന്യത്തിന്റെ ശേഷി മെച്ചപ്പെടുത്തുന്നതിനായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ച ലെഫ്. ജനറല്‍ ഷേകത്കാര്‍ സമിതിയുടെ റിപ്പോര്‍ട്ടിന്റെ ചുവടു പിടിച്ചാണിത്.
സമിതിയുടെ 99 നിര്‍ദേശങ്ങളില്‍ 65 എണ്ണം സര്‍ക്കാര്‍ അംഗീകരിച്ചു. ആദ്യഘട്ടത്തില്‍ വിവിധ തസ്തികകള്‍ പുനഃക്രമീകരണം. ഓഫീസര്‍മാര്‍, ജെ.സി.ഒ., മറ്റ് റാങ്കുകളിലുള്ള സൈനികര്‍ തുടങ്ങി 57000 തസ്തികകളാണ് പുനര്‍വിന്യസിക്കുക. യുദ്ധക്ഷമത വര്‍ധിപ്പിക്കുകയാണ് ഇതുവഴി കേന്ദ്രം ലക്ഷ്യമിടുന്നത്. 2019 ഡിസംബറിനു മുമ്പ് നവീകരണ നടപടികള്‍ പൂര്‍ത്തിയാക്കും.
പ്രധാനമായും റേഡിയോ മോണിറ്ററിങ് കമ്പനി, എയര്‍സപ്പോര്‍ട്ട് സിഗ്‌നല്‍ റെജിമെന്റ്, കോമ്പോസിറ്റ് സിഗ്‌നല്‍ റെജിമെന്റ് തുടങ്ങി വിവിധ സിഗ്‌നല്‍ റെജിമെന്റുകള്‍ സംയോജിപ്പിച്ച് സിഗ്‌നല്‍ സംവിധാനം മെച്ചപ്പെടുത്തും. കരസേന വര്‍ക്ഷോപ്പുകള്‍ പുന: സംഘടിപ്പിക്കുകയും നവീകരിക്കുകയും ചെയ്യും.
സൈനിക ഫാമുകള്‍ നിര്‍ത്തലാക്കും. സൈനിക പോസ്റ്റല്‍ സംവിധാനം യുദ്ധമേഖലകളിലേയ്ക്ക് മാത്രം. കരസേനയിലേക്കുള്ള ക്ലറിക്കല്‍ ജീവനക്കാരുടെയും ഡ്രൈവര്‍മാരുടെയും തിരഞ്ഞെടുപ്പിന്റെ നിലവാരം കൂട്ടും. എന്‍.സി.സി.യുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുമാണ് തീരുമാനം. എന്നാല്‍ ദോക്‌ലാം അല്ല പരിഷ്‌ക്കരണത്തിനു പിന്നിലെന്ന് ജെയ്റ്റ്‌ലി വ്യക്തമാക്കി.