‘മാഡം’ വേണ്ടി വന്നാല്‍ സുനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും; റൂറല്‍ എസ്പി
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ‘മാഡം’ നടി കാവ്യ മാധവനാണെന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലില്‍ വേണ്ടി വന്നാല്‍ സുനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് റൂറല്‍ എസ്.പി. എ.വി. ജോര്‍ജ്. ഇക്കാര്യത്തില്‍ അന്വേഷണ സംഘം കൂടിയാലോചിച്ച് പരിശോധിച്ച ശേഷം തീരുമാനമെടുക്കും. തെളിവുകള്‍ എല്ലാം പരിശോധിച്ച് കൃത്യമായി പഠിച്ച ശേഷം കുറ്റപത്രം സമര്‍പ്പിക്കുമെന്നും എ.വി. ജോര്‍ജ് പറഞ്ഞു.
ഇന്നലെ എറണാകുളം സി.ജെ.എം. കോടതിയില്‍ ഹാജരാക്കാനായി കൊണ്ടു വന്നപ്പോഴായിരുന്നു’മാഡം’ നടി കാവ്യാമാധവനാണെന്നാണ് പള്‍സര്‍ സുനി വെളിപ്പെടുത്തിയത്. ‘എന്റെ മാഡം കാവ്യയാണ്. അതു നേരത്തേ പറഞ്ഞിരുന്നവല്ലോ’ എന്നായിരുന്നു സുനി പറഞ്ഞത്.
‘ഞാന്‍ കള്ളനല്ലേ, കള്ളന്റെ കുമ്പസാരം എന്തിനാണ് കേള്‍ക്കുന്നത്’ എന്നു ചോദിച്ചായിരുന്നു ‘മാഡ’ത്തെപ്പറ്റി സുനി പറഞ്ഞത്. കാവ്യയെ പരിചയമുണ്ടെന്നും തന്നെ അറിയില്ലെന്ന് കാവ്യ പറയുന്നത് ശരിയല്ലെന്നും സുനി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.