കോഴിക്കോട്-ബെംഗളൂരു കെ എസ് ആര്‍ ടി സി ബസില്‍ വന്‍ കൊള്ള
കോഴിക്കോട്: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആര്‍.ടി സി ബസ്സ് യാത്രക്കാരെ കൊള്ളയടിച്ചു. ഇന്ന് പുലര്‍ച്ചെ 2.45 ഓടെ ബെംഗളൂരുവിന് 65 കിലോമീറ്റര്‍ അകലെയുള്ള ചന്നപ്പട്ടണയ്ക്കു സമീപമായിരുന്നു സംഭവം.
ഇന്നലെ വൈകുന്നേരം ആറു മണിക്ക് കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിലാണ് സിനിമ സ്‌റ്റൈല്‍ കവര്‍ച്ച നടന്നത്. ചന്നപട്ടണയ്ക്ക് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് വെച്ച് ഡ്രൈവര്‍ മൂത്രമൊഴിക്കാനായി വണ്ടി നിര്‍ത്തിയപ്പോളാണ് സംഭവം. ഡ്രൈവര്‍ ഇറങ്ങിയ ഉടന്‍ ആയുധങ്ങളുമായി ബൈക്കിലെത്തിയ നാലംഗ സംഘം ബസില്‍ കയറി യാത്രക്കാരുടെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി പണം, സ്വര്‍ണം എന്നിവ ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങിച്ചെടുത്തു. നിരവധി യാത്രക്കാര്‍ക്ക് സ്വര്‍ണവും പണവും നഷ്ടപ്പെട്ടു. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. എല്ലാവരും തന്നെ ഉറക്കത്തിലായിരുന്നു.
ബഹളം കേട്ട് ഡ്രൈവര്‍ ഓടിയെത്തി ബസ് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ കവര്‍ച്ചക്കാര്‍ ഇറങ്ങിയോടി തുടര്‍ന്ന് ഡ്രൈവര്‍ ബസ് ചന്നപട്ടണ പോലീസ് സ്റ്റേഷനിലെത്തിച്ചു. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. യാത്രക്കാരെ മറ്റ് ബസുകളില്‍ ബെംഗളൂരുവിലെത്തിച്ചു.