വിശുദ്ധഹജ്ജ് കര്‍മത്തിന് തുടക്കമായി; അറഫ സംഗമം ഇന്ന്‌, പ്രര്‍ഥനയില്‍ മുഴുകി 20 ലക്ഷം തീര്‍ഥാടകര്‍

തീര്‍ഥാടകലക്ഷങ്ങള്‍ ബുധനാഴ്ച മിനായിലെ കൂടാരത്തില്‍ പ്രാര്‍ഥനാ നിര്‍ഭരരായി എത്തിയതോടെ വിശുദ്ധഹജ്ജ് കര്‍മത്തിന് തുടക്കമായി. വ്യാഴാഴ്ചയാണ് ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫസംഗമം.

20 ലക്ഷം തീര്‍ഥാടകര്‍ ഈവര്‍ഷം അറഫ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് അധികൃതരുടെ കണക്ക്. ലോക മാനവികസംഗമമെന്ന് വിശേഷിപ്പിക്കുന്ന അറഫ സംഗമത്തില്‍ പങ്കുകൊള്ളാനുള്ള തയ്യാറെടുപ്പിനായിരുന്നു ബുധനാഴ്ച ഹാജിമാര്‍ മിനായില്‍ തങ്ങിയത്. അറഫസംഗമത്തിനുശേഷം മുസ്ദലിഫയില്‍ കഴിഞ്ഞ് പിറ്റേന്ന് മിനായില്‍ തിരിച്ചെത്തി പിശാചിന്റെ പ്രതീകങ്ങളുടെ നേര്‍ക്ക് ജംറയില്‍ കല്ലേറുകര്‍മത്തിനുള്ള ഒരുക്കത്തിന്റെ ഭാഗമായിരുന്നു ഹാജിമാരുടെ മിനായിലെ താമസം.

വ്യാഴാഴ്ച രാവിലെ പ്രഭാതനമസ്‌കാരത്തിന് ശേഷമാണ് മിനായില്‍നിന്ന് അറഫയിലേക്ക് യാത്രതിരിക്കാറുള്ളതെങ്കിലും ബുധനാഴ്ച രാത്രിതന്നെ തീവണ്ടി സമയത്തിനനുസരിച്ച് ഇന്ത്യന്‍ ഹാജിമാരടക്കമുള്ളവര്‍ മിനായില്‍നിന്ന് അറഫയിലേക്ക് നീങ്ങി തുടങ്ങിയിരുന്നു. വ്യാഴാഴ്ച ഹാജിമാര്‍ സൂര്യാസ്തമയം വരെ അറഫയില്‍ പ്രാര്‍ഥനയുമായി തങ്ങും.

മുസ്ദലിഫയില്‍ വിശ്രമിച്ചശേഷം വെള്ളിയാഴ്ച മുതല്‍ തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ എറിയാനുള്ള കല്ലുകളും ശേഖരിച്ച് ഹാജിമാര്‍ മിനായിലേക്ക് പുറപ്പെടും. മിനായിലെ പിശാചിന്റെ മൂന്ന് പ്രതീകങ്ങളില്‍ ഏറ്റവും വലിയ പ്രതീകത്തിനുനേരേ മാത്രമാണ് ബലിപെരുന്നാള്‍ ദിനമായ വെള്ളിയാഴ്ച ആദ്യകല്ലേറുകര്‍മം നിര്‍വഹിക്കുക. ഇതിനുശേഷമായിരിക്കും മൃഗബലി.