യുവതിയെ ക്രൂരമായി ആക്രമിച്ച സംഭവം; ഹൈക്കോടതി ഇടപെട്ടു, ആശുപത്രി രേഖകള്‍ വിളിച്ചു വരുത്തി

കൊച്ചി: ക്രൂരമായി മര്‍ദിച്ച് ആശുപത്രിയിലാക്കിയശേഷം യുവതിയെ കടത്തിക്കൊണ്ടു പോയെന്ന പരാതിയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. പോലീസ് കേസെടുത്തില്ലെന്ന പരാതിയും സ്വീകരിച്ചു.

പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തില്ലെന്ന യുവതിയുടെ ഭര്‍ത്താവിന്റെ ഹര്‍ജിയിലാണു നടപടി. യുവതിയെ ചികില്‍സിച്ച ആശുപത്രിയില്‍ നിന്നു കോടതി, രേഖകള്‍ വിളിച്ചുവരുത്തി.

ഭര്‍ത്താവുമായി അകന്നുകഴിയുന്ന പത്തനംതിട്ട സ്വദേശിയായ യുവതിയെ ജൂലൈ 28ന് അര്‍ധരാത്രിയാണു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ശരീരമാസകലം പരുക്കുകളുണ്ടായിരുന്നു. കയ്യില്‍ മൂര്‍ച്ചയുളള ആയുധം കൊണ്ടുണ്ടായ മുറിവും. അമിതമായി മദ്യം ഉള്ളില്‍ ചെന്നിരുന്നു.

ഇതു കുടിപ്പിച്ചതാണെന്നു സംശയിക്കാന്‍ പാകത്തില്‍ കവിളിന് ഇരുവശവും ബലപ്രയോഗത്തിന്റെ അടയാളവും കണ്ടു. ഇത്രയും കണ്ടെത്തിയതോടെ ആശുപത്രിയില്‍നിന്നു വിവരമറിയിച്ചു മരട് പൊലീസെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. മൂന്നാഴ്ചയായിട്ടും കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല. വിവരമറിഞ്ഞെത്തിയ ഭര്‍ത്താവിനോടു തനിക്കു പരാതിയില്ലെന്നും കേസെടുക്കേണ്ടെന്നും യുവതി പറഞ്ഞുവെന്നാണു പോലീസിന്റെ വിശദീകരണം.