കമലഹാസന്‍ ഇന്ന് കേരള മുഖ്യമന്ത്രിയെക്കാണും; സൗഹൃദ സന്ദര്‍ശനമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്‌

നടന്‍ കമല്‍ഹാസന്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തും. ഒരു ടെലിവിഷന്‍ ചാനലിന്റെ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ വരുന്ന കമല്‍ ക്ലിഫ് ഹൗസിലെത്തിയാവും മുഖ്യമന്ത്രിയെ കാണുക.

സൗഹൃദ സന്ദര്‍ശനമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കമല്‍ഹാസന്റെ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചിരിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശന സാധ്യതകള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന വേളയിലെ സന്ദര്‍ശനത്തിന് സാധ്യതകളേറെയാണ് കല്‍പ്പിക്കപ്പെടുന്നത്.

എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് കമല്‍ അഭിനന്ദന സന്ദേശം അയച്ചിരുന്നു. തമിഴ്‌നാട്ടിലെ എ.ഐ.എഡി.എം.കെ. സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് കമല്‍ നിരവധി തവണ രംഗത്തെത്തിയിരുന്നു.

പളനിസാമി സര്‍ക്കാരില്‍ വന്‍ അഴിമതി സര്‍വ്വ വ്യാപിയാണെന്നും മറ്റ് പാര്‍ട്ടികള്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാത്തതെന്നും കമല്‍ ചോദിച്ചിരുന്നു.