ബാറുകളുടെ ദൂര പരിധി200ല്‍ നിന്ന് 50 മീറ്ററായി കുറച്ചു

തിരുവനന്തപുരം: കേരളത്തില്‍ മദ്യശാലകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ദൂരപരിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവ് നല്‍കി. ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയില്‍ നിന്നുള്ള ദൂരപരിധി നിലവിവുള്ള 200 മീറ്റര്‍ എന്ന പരിധി 50 മീറ്ററാക്കിയാണ് കുറച്ചത്. ഇളവ് ഫോര്‍ സ്റ്റാര്‍ മുതലുള്ള ബാറുകള്‍ക്കാണ് ബാധകം. കഴിഞ്ഞ 29 നാണ് എക്സൈസ് വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസഫ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

സുപ്രീം കോടതി ഉത്തരവ് പ്രകാരം പാതയോരങ്ങളിലെ ബാറുകളുടെ എണ്ണം പരിമിതപ്പെടുത്തിയപ്പോള്‍ മാറ്റി സ്ഥാപിച്ച ബാറുകള്‍ക്ക് ദൂരപരിധി ഒരു തടസമായി വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഇളവ് നല്‍കിയത്. നേരത്തെ ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഇറക്കിയ ഉത്തരവില്‍ ദൂരപരിധി കുറയ്ക്കണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഫൈവ് സ്റ്റാര്‍ ബാറുകളുടെ കാര്യത്തില്‍ ഈ ദൂരപരിധിയില്‍ ഇളവ് വരുത്തിയിരുന്നില്ല. ദൂരപരിധി കുറയ്ക്കണമെന്ന് സര്‍ക്കാരിന് എക്സൈസ് വകുപ്പില്‍ നിന്ന് നിര്‍ദ്ദേശവുമുണ്ട്.

ഈ സാഹചര്യത്തില്‍ ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഹെറിറ്റേജ് അടക്കമുള്ള ബാറുകളുടെ ദൂരപരിധി കുറയ്ക്കുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്.
ബാര്‍ അസോസിയേഷന്‍ അടക്കമുല്ല നിരവധി സംഘടനകളില്‍ നിന്ന് ഉണ്ടായ സമ്മര്‍ദ്ദങ്ങളും ഈ നീക്കത്തിന് പിന്നിലന്‍ഡ്. അതേസമയം എത്ര ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കും എന്നതിന് കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.