ബാറുകളുടെ ദൂരപരിധി കുറച്ചത് വിനോദ സഞ്ചാരികളുടെ അസൗകര്യം കണക്കിലെടുത്തെന്ന് എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: ബാറുകളുടെ ദൂരപരിധി കുറച്ചത് വിനോദ സഞ്ചാരികളുടെ സൗകര്യം കൂടി പരിഗണിച്ചാണെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. നേരത്തെയുണ്ടായിരുന്ന ദൂരപരിധി പുനഃസ്ഥാപിക്കുക മാത്രമാണ് ചെയ്തത്. ഭേദഗതി മദ്യനയത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന ബിവറേജസ് ഔട്ട്ലെറ്റുകളില്‍ ഒരെണ്ണം പോലും ഈ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടില്ല. അത് വര്‍ധിപ്പിക്കില്ലെന്നും ഔട്ട്ലെറ്റുകള്‍ക്ക് ദൂരപരിധി ഭേദഗതി ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ കുറച്ചത് ഫോര്‍ സ്റ്റാര്‍ മുതലുള്ള ബാറുകളുടെ കാര്യത്തിലാണ്. അത് നേരത്തെയുണ്ടായിരുന്നത് പുനഃസ്ഥാപിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആരാധനാലയങ്ങളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും 50 മീറ്ററകലെ ബാറുകള്‍ തുറക്കാം,
ബാറുകള്‍ക്ക് ദൂരപരിധി കുറച്ചത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാരിന് അഭിപ്രായമില്ലെന്നും നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ആ അധികാരമുപയോഗിച്ചാണ് ഭേദഗതി വരുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ എക്സൈസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.