കേന്ദ്ര മന്ത്രി സഭ പുനഃസംഘടന ഞായറാഴ്ച ; എട്ട് മന്ത്രിമാര്‍ക്ക് വകുപ്പ് മാറ്റമുണ്ടാകും

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭ പുന:സംഘടന ഞായറാഴ്ച നടക്കും. കേന്ദ്ര മന്ത്രിസഭയുടെ പുനസംഘടനയെക്കുറിച്ച് രാഷ്ട്രപതിയെ കണ്ട് ഈ വിവരം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിക്കായി ചൈനയിലേക്ക് പോകുന്നതിനു മുന്‍പായി പുന:സംഘടന നടത്താനുള്ള നീക്കമാണ് പുരോഗമിക്കുന്നത്.

കേന്ദ്ര മന്ത്രിസഭ പുന:സംഘടനക്ക് മുന്നോടിയായി അഞ്ച് മന്ത്രിമാര്‍ ഇതുവരെ രാജി വച്ച്ട്ടുണ്ട്. നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് പ്രതാപ് റൂഡിയോടൊപ്പം ജല വിഭവ മന്ത്രി ഉമാ ഭാരതി, കൃഷി മന്ത്രി രാധാ മോഹന്‍ സിങ്, ജല വിഭവ സഹമന്ത്രി സഞ്ജീവ് ബല്യാന്‍, ചെറുകിട സംരംഭക സഹമന്ത്രി ഗിരിരാജ് സിങ് എന്നിവരും സ്ഥാനമൊഴിഞ്ഞു. കൂടുതല്‍ മന്ത്രിമാര്‍ രാജിവെക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

പുനസംഘടന വരുമ്പോള്‍ ധനമന്ത്രിയായ അരുണ്‍ ജെയ്റ്റ്‌ലി ഉള്‍പ്പെടെ മറ്റു എട്ട് കേന്ദ്രമന്ത്രിമാരുടെ വകുപ്പുകള്‍ക്ക് മാറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്കു മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിക്കും. തുടര്‍ച്ചയായുണ്ടായ ട്രെയിന്‍ അപകടങ്ങള്‍ കണക്കിലെടുത്ത് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു നേരത്തെ രാജിസന്നദ്ധത അറിയിച്ചിരുന്നു.