മനുഷ്യ മഹാസംഗമത്തിന്റെ വിശ്വാസക്കടലായി അറഫ

ജിദ്ദ: വിശുദ്ധിയുടെ പുണ്യം തേടി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയവര്‍ ഒരേ വികാരത്തോടെ, ഒരേ വേഷത്തോടെ, ഒരേ മന്ത്രമുരുവിട്ട് അറഫയില്‍ ഒത്തുചേര്‍ന്നു. അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി 164 രാജ്യങ്ങളില്‍ നിന്നായി 20 ലക്ഷത്തോളം തീര്‍ഥാടകര്‍ അറഫയിലെ മഹാസംഗമത്തില്‍ ഭാഗഭാക്കായതോടെ ഈ വര്‍ഷത്തെ ഹജ്ജിന്റെ സുപ്രധാന ഘട്ടത്തിന്റെ അരങ്ങൊഴിഞ്ഞു. മനസ്സും ശരീരവും അല്ലാഹുവിന് സമര്‍പ്പിച്ച് പാപമോചനത്തിനായി ലക്ഷങ്ങള്‍ അറഫ പര്‍വതത്തിലും പരിസരത്തുമായി ഒരുദിനം മുഴുവന്‍ പ്രാര്‍ഥിച്ചു.

1400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുഹമ്മദ് നബി വിടവാങ്ങല്‍ പ്രസംഗം നടത്തിയ അതേ പര്‍വതത്തിലെ പ്രാര്‍ഥനാ നിരതമായ നിമിഷങ്ങള്‍ ജീവിത പുണ്യമായാണ് വിശ്വാസികള്‍ കരുതുന്നത്.

‘അല്ലാഹുവേ നിന്റെ വിളികേട്ട് ഞങ്ങളിതാ വന്നിരിക്കുന്നു’ എന്ന തല്‍ബിയത്ത് മന്ത്രമുരുവിട്ട് മിനായിലെ തമ്പുകളില്‍നിന്ന് ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ അറഫയിലെ പൊരിവെയിലില്‍ ശുഭ്രസാഗരം തീര്‍ത്തു. ചുണ്ടിലും മനസ്സിലും പ്രാര്‍ഥനമന്ത്രങ്ങള്‍ ആവര്‍ത്തിച്ചുരുക്കഴിച്ച് അവര്‍ ആത്മനിര്‍വൃതികൊണ്ടു. ചുടുകണ്ണീരില്‍ മനസ്സിലെ പാപക്കറകള്‍ കഴുകിയെടുത്തു. തീര്‍ഥാടകര്‍ കാത്തു കാത്തിരുന്ന നിമിഷങ്ങളായിരുന്നു അത്. അറഫയുടെ മണ്ണില്‍നിന്നപ്പോള്‍ കൊടുംവെയില്‍ വീണ് ശരീരം ഉരുകിയൊലിച്ചത് അവരറിഞ്ഞില്ല. മിഴിനീരൊഴുകിപ്പരന്നതും അവരറിഞ്ഞില്ല. മക്കയില്‍ ഹറം പള്ളിയിലെ വിശുദ്ധ കഅബാലയത്തെ പുതിയ കിസ്വ (ആവരണം) അണിയിക്കുന്ന ചടങ്ങും ഭക്തിപൂര്‍വം നടന്നു. അറഫാ സംഗമത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകമെമ്പാടും മുസ്ലിംകള്‍ ഇന്നലെ വ്രതമനുഷ്ഠിച്ച് പ്രത്യേക പ്രാര്‍ഥനകളില്‍ പങ്കുചേര്‍ന്നു.

ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ സംഗമത്തില്‍ പങ്കെടുക്കാന്‍ ബുധനാഴ്ച രാത്രിയോടെ ഹാജിമാര്‍ മിനായില്‍നിന്ന് പുറപ്പെട്ടിരുന്നു. വ്യാഴാഴ്ച ഉച്ചയായപ്പോഴേക്കും കിലോമീറ്ററുകള്‍ ചുറ്റളവില്‍ അറഫ പാല്‍ക്കടലായി. മസ്ജിദു നമിറയില്‍ പകല്‍ നമസ്‌കാരങ്ങള്‍ ഒന്നിച്ചു നിര്‍വഹിച്ച ശേഷം നടന്ന അറഫ പ്രഭാഷണം സൗദി ഉന്നത പണ്ഡിതസഭാംഗം ശൈഖ് സഅദ് അശ്ശത്ത്‌രി നിര്‍വഹിച്ചു. അസ്തമയത്തോടെ ഹാജിമാര്‍ മുസ്ദലിഫയിലേക്ക് തിരിച്ചു. മഗ്‌രിബ് നമസ്‌കാരവും രാപ്പാര്‍ക്കലും കഴിഞ്ഞ് വെള്ളിയാഴ്ച പുലര്‍ച്ചയോടെ വീണ്ടും മിനായിലേക്കെത്തി. കഅ്ബാ പ്രദക്ഷിണം, സഫാ-മര്‍വ കുന്നുകള്‍ക്കിടയിലെ നടത്തം, മുടിയെടുക്കല്‍, ബലിയറുക്കല്‍, പിശാചിനെ കല്ലെറിയല്‍ തുടങ്ങിയ കര്‍മങ്ങളാണ് ഇന്ന് നടക്കുക. ഇനിയുള്ള മൂന്നു ദിവസവും മിനായില്‍ രാപ്പാര്‍ത്ത് കല്ലെറിയല്‍ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ഹാജിമാര്‍ സ്വദേശങ്ങളിലേക്ക് മടങ്ങും.