മെഡിക്കല്‍ പ്രവേശനം ലഭിച്ചില്ല; തമിഴ് നാട്ടില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
ചെന്നൈ: തമിഴ്നാട്ടില്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തമിഴ്നാട്, അരിയല്ലൂര്‍ ജില്ലയിലുള്ള അനിത എന്ന വിദ്യാര്‍ത്ഥിനിയാണ് ജീവനൊടുക്കിയത്. സ്‌കൂളില്‍ത്തന്നെ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളില്‍ ഒരാളായ അനിതക്ക് അവസാനത്തെ അലോട്ട്‌മെന്റിലും മെഡിക്കല്‍ പ്രവേശനം ലഭിച്ചില്ല. 1200 ല്‍ 1176 മാര്‍ക്ക് വാങ്ങിയാണു അനിത പ്ലസ് ടു വിജയിച്ചത്. തന്റെ സ്വപ്നം തകര്‍ന്നതിലുള്ള മനോവിഷമത്തിലാണു അനിത ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
നേരത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയ്‌ക്കെതിരെ അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു.അരിയല്ലൂരില്‍ ചുമട്ടു തൊഴിലാളിയായ ഷണ്മുഖന്റെ ഏകമകളാണ് അനിത.
കേരളത്തിലെ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് ഇപ്പോഴും പ്രതിസന്ധി തുടരുന്നതിനാല്‍, തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ വാര്‍ത്ത കേരളത്തിലും ആശങ്ക പരത്തിയിട്ടുണ്ട്.