സ്‌പോട്ട് അഡ്മിഷന്‍ നിര്‍ത്തണമെന്ന് മാനേജ്‌മെന്റുകള്‍; സുപ്രീം കോടതി അനുവദിച്ച സമയം അവസാനിച്ചെന്ന വാദം

സുപ്രീം കോടതി പറഞ്ഞ സമയം കഴിഞ്ഞെന്ന വാദം ഉയര്‍ത്തിക്കാട്ടി സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന്റെ സ്‌പോട്ട് അഡ്മിഷന്‍ നിര്‍ത്തണമെന്ന് സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ രംഗത്ത്. എന്‍.ആര്‍.ഐ. സീറ്റുകള്‍ മെറിറ്റ് സീറ്റാക്കുന്നുവെന്നാണ് മാനേജുമെന്റുകള്‍ ആരോപിക്കുന്നത്.

എന്‍.ആര്‍.ഐ. സീറ്റുകളില്‍ ഒഴിവ് വന്നാല്‍ മെറിറ്റ് സീറ്റാക്കാമെന്നതാണ് രീതി. ഇത്തരത്തില്‍ 111 സീറ്റുകള്‍ സര്‍ക്കാര്‍ മെറിറ്റ് സീറ്റാക്കി മാറ്റി. സ്‌പോട്ട് അഡ്മിഷന്‍ സമയത്ത് എന്‍.ആര്‍.ഐ. സീറ്റുകളില്‍ ഒഴിവ് വന്നാല്‍ ഇത് മെറിറ്റ് സീറ്റിലേക്ക് മാറ്റുന്നമെന്നതാണ് മാനേജ്‌മെന്റുകളെ ചൊടിപ്പിച്ചത്.

ഇതോടെ പ്രവേശനം നടക്കുന്നത് മെറിറ്റ് അട്ടിമറിച്ചാണെന്ന ആക്ഷേപമാണ് മാനേജ്‌മെന്റുകള്‍ ഉയര്‍ത്തുന്നത്. സ്‌പോട്ട് അഡ്മിഷന്‍ നീളുന്നതില്‍ ദുരൂഹതയുണ്ടെന്നും മാനേജ്‌മെന്റുകള്‍ ആരോപിക്കുന്നുണ്ട്.

എന്‍.ആര്‍.ഐ. സീറ്റുകള്‍ ഇഷ്ടക്കാര്‍ക്ക് നല്‍കാന്‍ സര്‍ക്കാരും എന്‍ട്രന്‍സ് കമ്മീഷണറും ഒത്തുകളിക്കുന്നുവെന്നാണ് മാനേജ്‌മെന്റുകളുടെ ആരോപണം.