അമേരിക്ക-റഷ്യ ബന്ധത്തില്‍ വീണ്ടും വിള്ളല്‍

വാഷിംഗ്ടണ്‍: അമേരിക്ക റഷ്യ ബന്ധത്തില്‍ വീണ്ടും വിള്ളല്‍. റഷ്യയിലെ അമേരിക്കന്‍ സാന്നിധ്യം കുറയ്ക്കണമെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ തീരുമാനത്തിനു പിന്നാലെ, സാന്‍ഫ്രാന്‍സിസ്‌കോയിലെ റഷ്യന്‍ കോണ്‍സുലേറ്റും, വാഷിംഗ്ടണിലെയും ന്യുയോര്‍ക്കിലെയും അനെക്‌സും അടച്ചുപൂട്ടാന്‍ അമേരിക്ക റഷ്യയോട് ആവശ്യപ്പെട്ടു. ശനിയാഴ്ചയോടെ കോണ്‍സുലേറ്റ് അടയ്ക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. 755 അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യ അടുത്തിടെ പുറത്താക്കിയിരുന്നു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവിനെ ഫോണില്‍ വിളിച്ചാണ് അമേരിക്കന്‍ നിലപാട് അറിയിച്ചത്. യുഎസ് തീരുമാനത്തില്‍ ലാവ്‌റോവ് നിരാശ രേഖപ്പെടുത്തി. അമേരിക്കയുടെ നിലപാട് പരിശോധിച്ചുവരികയാണെന്നും, പിന്നീട് പ്രതികരണം അറിയിക്കുമെന്നും റഷ്യന്‍ വിദേശകാര്യ വക്താവ് അറിയിച്ചു.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് നേരെയുണ്ടായ ഹാക്കിംഗ് ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ട്രംപിന്റെ വിജയത്തിന് പിന്നിലും റഷ്യന്‍ ഇടപെടലാണെന്ന് ഡെമോക്രാറ്റുകള്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ അമേരിക്കന്‍ കോണ്‍ഗ്രസ് റഷ്യയ്ക്കുമേല്‍ സാമ്പത്തീക ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് അമേരിയ്ക്ക-റഷ്യ ബന്ധം വഷളായത്.