വിവാഹ ഷൂട്ട്, ഷോര്‍ട്ട് ഫിലീം നിര്‍മ്മാണം: തോന്നിയ പോലെ ഡ്രോണുകള്‍ ഉപയോഗിക്കാനാവില്ല, നിയമം കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ഡ്രോണുകള്‍ പല ഘട്ടങ്ങളിലും സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ അവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം കര്‍ശനമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന് പ്രത്യേകം ഏജന്‍സി രൂപവത്കരിക്കാനാണ് തീരുമാനം.

ഡ്രോണുകളെ നിരീക്ഷിക്കാനും അവയുടെ അനിയന്ത്രിത ഉപയോഗം തടയാനും ജര്‍മനയില്‍ നിന്ന് പുതിയ സംവിധാനം ഇറക്കുമതി ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

കഴിഞ്ഞ ദിവസം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടതിനേതുടര്‍ന്ന് മണിക്കൂറുകളോളം സര്‍വീസുകള്‍ മുടങ്ങിയിരുന്നു. അതീവ സുരക്ഷാ മേഖലകളില്‍ നിരന്തരം ഡ്രോണുകള്‍ പ്രത്യക്ഷപ്പെടുന്നത് സുരക്ഷാ ഏജന്‍സികള്‍ക്ക് തലവേദനയായ സാഹചര്യത്തിലാണ് പുതിയ നീക്കം.

നിലവില്‍ സുരക്ഷാ സേനകളും സാധാരണക്കാരും സ്ഥാപനങ്ങളും ഒരുപോലെ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. വിവാഹ ഷൂട്ടിങ്ങിനു പോലും നിയന്ത്രണങ്ങളൊന്നുമില്ലാതെ ഡ്രോണ്‍ ഉപയോഗിച്ചു വരുന്നു.

റഡാര്‍, റേഡിയോ ഫ്രീക്വന്‍സി ജാമര്‍, ഡിറ്റക്ടര്‍ തുടങ്ങിയ സവിശേഷതകള്‍ ഉള്ള സംവിധാനമാണ് ജര്‍മ്മനിയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. ഇത്തരത്തില്‍ ഒരു യൂണിറ്റിന് എട്ടുമുതല്‍ ഒമ്പത് കോടിവരെയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
ആദ്യഘട്ടത്തില്‍ എന്‍എസ്ജി, സിഐഎസ്എഫ് എന്നിവയ്ക്കാകും ഈ സംവിധാനങ്ങള്‍ നല്‍കുക.

നിലവില്‍ നിരോധിത മേഖലയില്‍ കടക്കുന്ന ഡ്രോണുകളെ വെടിവെച്ചിടുകയാണ് സുരക്ഷാ സേനകള്‍ ചെയ്യുക. മിക്കവാറും അവ ഉടമസ്ഥന് തിരിച്ചേല്‍പ്പിക്കാറാണ് പതിവ്. അല്ലാതെ ഇതിനായി നടപടികളൊന്നും നിലവിലെ നിയമത്തില്‍ പറഞ്ഞിട്ടില്ല.