ചിത്രം കണ്ടാല്‍ കോപ്പിയടിക്കുകയാണെന്ന് തോന്നത്തേയില്ല; വൈറലായി ഒരു കൂട്ടക്കോപ്പിയടിയുടെ ചിത്രം

പാറ്റ്‌ന: പരീക്ഷ എത്തുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ മനസില്‍ ഒരു ആധിയാണ്. സ്‌കൂളിലായാലും,കോളേജിലായാലും സ്ഥിതിക്ക് മാറ്റമൊന്നും ഉണ്ടാവില്ല. പരീക്ഷ എത്തുന്നത് വരെ കളിച്ച് ചിരിച്ച് കറങ്ങിയടിച്ച് നടക്കും. ഒടുവില്‍ ഹാള്‍ ടിക്കറ്റ് കൈയില്‍ കിട്ടുമ്പോഴാണ് ആലോചിക്കുന്നത്. ഉത്തരക്കടലാസില്‍ എന്ത് എഴുതും, ഞാനൊന്നും പഠിച്ചില്ലല്ലോ എന്ന്. പിന്നെ പഠിക്കാനൊന്നും നില്‍ക്കില്ല. അല്ലേലും ഒരു വര്ഷം പഠിപ്പിച്ചത് മുഴുവന്‍ ഒരു നിമിഷം കൊണ്ട് എങ്ങനെ പഠിക്കാന്‍. കൂട്ടത്തിലുള്ള ഏതെങ്കിലും ഒരാളുടെ മനസ്സില്‍ പിന്നെ ലഡു പൊട്ടും….’കോപ്പിയടി’. പിന്നെ അതെയുള്ളൂ ജയിക്കാനൊരു മാര്‍ഗം എന്ന് മനസ്സില്‍ വിചാരിച്ച് പരീക്ഷ ഹാളില്‍ കോപ്പിയടി നടത്താനുള്ള മാസ്റ്റര്‍പ്ലാന്‍ തയാറാക്കലാണ് പിന്നെ എല്ലാവരും( പഠിക്കാന്‍ കഴിയാത്തവര്‍) നടത്തുന്നത്.

ഇനി പറയുന്നത് അത്തരത്തിലുള്ള ഒരു കോപ്പിയടിയെപ്പറ്റിയല്ല. ഇത് വന്‍വാര്‍ത്തയായ ഒരു കോപ്പിയടിയാണ്. കോപ്പിയടി ചിത്രത്തില്‍ നിന്ന് തന്നെ തുടങ്ങാം.പുസ്തകം തുറന്ന് വച്ച് ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ കൂട്ടമായി ഇരുന്ന് എഴുതുന്ന ചിത്രം കാണുമ്‌ബോള്‍ കുറച്ച് കുട്ടികള്‍ ഒരുമിച്ച് ഇരുന്ന് പഠിക്കുന്നതാണന്നേ തോന്നൂ. എന്നാല്‍ ഈ ചിത്രം ബീഹാറിലെ ഒരു പരീക്ഷാ ഹാളില്‍ നിന്നുള്ളതാണെന്ന് അറിയുമ്പോഴോ.? അതും ഒരു കോളേജില്‍. പരീക്ഷ ഹാളില്‍ എന്ത് പഠിക്കാന്‍ അല്ലെ. ഊഹം ശരിയാണ് ഇവര്‍ പടിക്കുന്നതല്ല. സൗകര്യപൂര്‍വം കൂട്ടമായിരുന്നു കോപ്പിയടിക്കുന്നതാണ്. ബീഹാറിലെ സ്‌കൂളുകളിലും, കോളേജുകളിലും ഇത്തരം കൂട്ട കോപ്പിയടി വാര്‍ത്തകള്‍ സര്‍വസാധാരണമാണ്. എന്നാലും എന്റീഷ്ട്ടാ… ഇതിത്തിരി കടന്നു പോയി.

ബീഹാറിലെ വീര്‍ കുമാര്‍ സിംഗ് സര്‍വകലാശാല(വി.കെ.എസ്.യു)യ്ക്ക് കീഴിലെ ഒരു കോളേജിലാണ്
കൂട്ടകോപ്പിയടി സംഭവം നടന്നത്. നൂറ് കണക്കിന് കോളേജ് വിദ്യാര്‍ത്ഥികള്‍ വരാന്തയുടെ തറയിലിരുന്ന് പുസ്തകം നോക്കി പരീക്ഷയെഴുതുന്നതാണ് ചിത്രത്തിലുള്ളത്. മഹാരാജ് കോളേജ്, പൈഹരി മഹാരാജ് കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ സംയുക്തമായി കോപ്പിയടിച്ച് പരീക്ഷയെഴുതിയത്. ഈ കൂട്ടകോപ്പിയടിയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

പക്ഷെ എന്തുചെയ്യാന്‍, പിള്ളാര് കോപ്പിയടിച്ചിരുന്ന് എഴുതിയതൊക്കെ വെറുതെയായി. വിദ്യാര്‍ത്ഥികള്‍ കോപ്പിയടിക്കുന്ന ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ വി.കെ.എസ് സര്‍വകലാശാലയിലെ ഫിസിക്‌സ് പരീക്ഷ റദ്ദാക്കിയതായി പരീക്ഷാ കണ്‍ട്രോളര്‍ സഞ്ജയ് കുമാര്‍ തൃപാഠി പറഞ്ഞു. ഇത് കൂടാതെ വി.കെ.എസ്.യു വൈസ് ചാന്‍സ്ലര്‍ സെയിദ് മുംതാസുദ്ദീന്‍ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം നടന്ന കോളേജുകളില്‍ പരീക്ഷാ ചുമതലയുണ്ടായിരുന്ന അദ്ധ്യാപകരോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും റദ്ദാക്കിയ പരീക്ഷ ഈമാസം 20ന് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ 2300 പേര്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയുന്ന കോളേജില്‍ 4400 പേരെ സര്‍വകലാശാല അയച്ചതാണ് കുഴപ്പമായതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ പരംഹന്‍ഷ് തിവാരി പറയുന്നത്. തുടര്‍ന്ന് പരീക്ഷ എഴുതാനുള്ള സൗകര്യം കണക്കിലെടുത്താണ് വരാന്തയിലേക്ക് കുട്ടികളെ മാറ്റിയതാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. എന്തായാലും കിട്ടിയ സൗകര്യം ഈ വിരുതന്മാര്‍ ശരിക്കും പ്രയോജനപ്പെടുത്തി.