എന്‍ഡിഎ സംസ്ഥാന ഘടകത്തില്‍ ഭിന്നത; കേന്ദ്രം ഒന്നും തന്നില്ലെന്നു ബിജെപി, കണക്കു നിരത്തി ഘടക കക്ഷികള്‍

എന്‍.ഡി.എ. സംസ്ഥാന ഘടകം യോഗത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഘടകക്ഷികള്‍ . സഖ്യത്തിനു നേതൃത്വം നല്‍കുന്ന ബി.ജെ.പിയെ മറ്റു ഘടക കക്ഷികള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. അതേസമയം ബിജെപി സംസ്ഥാന ഘടകം ഘടകക്ഷികളുടെ ആരോപണത്തെ പ്രതിരോധിക്കാനും തയാറായില്ല.

കുമ്മനം രാജശേഖരനോടുള്ള സംസ്ഥാന നേതാക്കളുടെ എതിര്‍പ്പിനും യോഗം വേദിയില്‍ പ്രകടമായിരുന്നതായാണ് റിപ്പോര്‍ട്ട്. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ മേല്‍ശാന്തി പ്രശ്‌നം സി.പി.എം. നേതാവ് പ്രതിഭാ ഹരി എം.എല്‍.എ. നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ ഒ. രാജഗോപാല്‍ മൗനം പാലിച്ചതിനെ എല്ലാ ഘടക കക്ഷികളും വിമര്‍ശിച്ചു. വിഷയത്തില്‍ എസ്.എന്‍.ഡി.പിയും ബി.ഡി.ജെ.എസും ശക്തമായ നിലപാട് എടുത്തപ്പോള്‍ ബി.ജെ.പി നേതൃത്വം അതിന് തയാറായില്ല.

കേന്ദ്രം ഒന്നും തന്നില്ലെന്നു ബി.ജെ.പി. നേതാക്കളും എന്‍.ഡി.എ. യോഗത്തില്‍ പറഞ്ഞപ്പോള്‍ ബിജെപിക്കു ലഭിച്ച സ്ഥാനങ്ങളുടെ കണക്കു സഹിതം ബി.ഡി.ജെ.എസ്. തിരിച്ചടിച്ചു.

മുന്നണി നടത്തിപ്പില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പിഴവുകളും ഒരു വിഭാഗം ചൂണ്ടിക്കാണിച്ചു. എന്‍.ഡി.എ. ചെയര്‍മാനായ കുമ്മനം രാജശേഖരനാണു ഘടക കക്ഷികളുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയത്. മുന്നണി സംവിധാനത്തില്‍ അധ്യക്ഷ സ്ഥാനത്തുള്ള ചെയര്‍മാന്‍ യോഗം നടത്തുമ്പോള്‍ മറുപടി നല്‍കേണ്ടത് കണ്‍വീനറാണെന്നു ബിജെപിയില്‍ തന്നെ വിമര്‍ശനമുയര്‍ത്തി.

മുന്നണി യോഗങ്ങള്‍ക്കു മുമ്പുള്ള മുന്നൊരുക്ക യോഗം നടത്തുന്ന പതിവും പാലിച്ചില്ലെന്നു നേതാക്കള്‍ വിമര്‍ശിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിച്ചു മുന്നോട്ടു പോകാന്‍ യോഗം തീരുമാനിച്ചെങ്കിലും അസ്വാരസ്യത്തിന് അയവു വന്നില്ല.

എന്‍ഡിഎയില്‍ തുടരണോ എന്നു തീരുമാനിക്കാന്‍ ബിഡിജെഎസ് സംസ്ഥാന നേതൃയോഗം ഉടന്‍ ചേരുമെന്നാണു സൂചന. ഇതിനു മുന്നോടിയായി തുഷാര്‍ വെള്ളാപ്പള്ളി ബിജെപി കേന്ദ്ര നേതൃത്വത്തെ സന്ദര്‍ശിക്കും.