മെഡിക്കല്‍ പ്രവേശനം കിട്ടാതെ ആത്മഹത്യ: തമിഴ്‌നാട്ടില്‍ പ്രതിഷേധം, ബിജെപി ഓഫീസുകള്‍ക്ക് കനത്ത സുരക്ഷ
മെഡിക്കല്‍ പ്രശേനം കിട്ടാതെ ദളിത് വിദ്യാര്‍ഥി അനിത ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് പ്രതിഷേധം ശക്തം. അനിതയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബാംഗങ്ങള്‍ വിസമ്മതിച്ചു. അനിതയുടെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രഖ്യാപിച്ചു.
എന്നാല്‍ ജന്മദേശമായ അരിയല്ലൂര്‍ ഉള്‍പെടെ തമിഴ്‌നാടിന്റെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. അരിയല്ലൂര്‍, പെരമ്പൂര്‍ ജില്ലകളില്‍ ഒരു വിഭാഗം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അനിതയുടെ മരണത്തിന് ഉത്തരവാദികള്‍ ബി.ജെ.പിയാണെന്ന വിമര്‍ശനവും ഉയര്‍ന്നുവരുന്നുണ്ട്. പ്രതിഷേധക്കാര്‍ ആക്രമിക്കുന്ന ഭീതിയില്‍ തമിഴ്‌നാട്ടിലെ ബി.ജെ.പി. ഓഫീസുകള്‍ക്ക് സുരക്ഷ ശക്തമാക്കി.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഹര്‍ഷ വര്‍ധന്റെ തമിഴ്‌നാട് സന്ദര്‍ശനം മാറ്റിവെച്ചു. എന്നാല്‍ തിരക്കുകള്‍ ഉള്ളതിനാലാണ് കേന്ദ്രമന്ത്രി യാത്ര റദ്ദാക്കിയതെന്നാണ് വിശദീകരണം. അനിതയുടെ മരണത്തിന് ഉത്തരവാദികള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളാണെന്ന് ഡി.എം.കെ. വര്‍ക്കിങ് പ്രസിഡന്റ് എം.കെ0 സ്റ്റാലിന്‍ ആരോപിച്ചു.
പ്ലസ്ടുവില്‍ 98 ശതമാനം മാര്‍ക്കുണ്ടായിട്ടും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് തമിഴ്‌നാട് അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറെ സ്വദേശി ഷണ്‍മുഖന്റെ മകള്‍ അനിത ആത്മഹത്യ ചെയ്തത്.
പരീക്ഷക്കെതിരെ അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തമിഴ് നാട്ടില്‍ പ്ലസ്ടു വരെ തമിഴില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നീറ്റ് പരീക്ഷയിലെ ചോദ്യങ്ങള്‍ മനസിലാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും കാണിച്ചായിരുന്നു അനിത സുപ്രീം കോടതിയെ സമീപിച്ചത്.പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം വേണമെന്നും ആവശ്യപ്പെട്ടു.