കാശ്മീരില്‍ ഭീകരാക്രമണം ; ഒരു ഭീകരനെ സൈന്യം വധിച്ചു, ഏറ്റുമുട്ടല്‍ തുടരുന്നു

 

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചയോടെയാണ് സൈന്യത്തിന് നേരെ ഭീകരരുടെ ആക്രമണമുണ്ടായത്.ശ്രീനഗര്‍-ജമ്മു ദേശീയപാതിയില്‍ ഭീകരര്‍ പോലീസ് ഉദ്യോഗസ്ഥനെ കൊല്ലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്. പോലീസ് ഉദ്യോഗസ്ഥര്‍ യാത്ര ചെയ്ത ബസിനു നേരെ വെള്ളിയാഴ്ച രാത്രിയാണ് ഭീകരര്‍ ആക്രമണം നടത്തിയത്.

ഇതേ തുടര്‍ന്ന് പരിക്കേറ്റ മൂന്നുപേരെ ബദമി ബാഗിലെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍, ഇവരില്‍ ഗുരുതരമായി പരിക്കേറ്റ ഹെഡ്‌കോണ്‍സ്റ്റബില്‍ കൃഷ്ണന്‍ ലാല്‍ കൊല്ലപ്പെടുകയായിരുന്നു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് സൈനിക വക്താവ് പറഞ്ഞു.ബക്രീദ് ദിനത്തില്‍ ജമ്മു കാഷ്മീരിലെ പുഞ്ചില്‍ പാക്കിസ്ഥാന്‍ സൈനികര്‍ നടത്തിയ വെടിവയ്പില്‍ ഒരു ബി. എസ്. എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. യാതൊരു പ്രകോപനവും കൂടാതെ പാക് സൈനികര്‍ അതിര്‍ത്തിലംഘിച്ചു അക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.