ബയോളജിക്കല്‍ വേസ്റ്റുകളെ തേടി ബ്ലൂവെയ്ല്‍; നാലു കൗമാരക്കാരെ അസമില്‍ അശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊലയാളി ഗെയിം ബ്ലൂ വെയ്ല്‍ കളിച്ചു പരുക്കേറ്റ നാലു കൗമാരക്കാരെ അസമില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനാറും പതിനേഴും വയസ്സുള്ള കുട്ടികളെയാണു മുറിവുകളേറ്റ നിലയില്‍ ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയില്‍ കഴിയുന്ന പതിനേഴുകാരന്റെ നില മെച്ചപ്പെട്ടു വരികയാണെന്നും ഇപ്പോഴും ആത്മഹത്യാ പ്രവണതകള്‍ കാണിക്കുന്നുണ്ടെന്നും ഗുവാഹത്തി മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം തലവന്‍ പറഞ്ഞു. ഗെയിമിന്റെ നാല്‍പതാമത്തെ ഘട്ടത്തിലായിരുന്നു വിദ്യാര്‍ഥി. എത്രയും പെട്ടെന്ന് തന്നെ ഡിസ്ചാര്‍ജ് ചെയ്യണമെന്നും ഗെയിം പൂര്‍ത്തിയാക്കണമെന്നും വിദ്യാര്‍ഥി പറയുന്നുണ്ട്.
വിദ്യാര്‍ഥിയുടെ കയ്യില്‍ നീലത്തിമിംഗലത്തിന്റെ ചിത്രം വരച്ചതു ശ്രദ്ധയില്‍പ്പെട്ട അധ്യാപകരാണു വിവരം മാതാപിതാക്കളെ അറിയിച്ചത്. കൊലയാളി ഗെയിമിനെതിരെ ജാഗ്രത ശക്തമാക്കാന്‍ കാമ്‌രൂപ് മെട്രോപ്പൊലീറ്റന്‍ മജിസ്‌ട്രേറ്റ് പ്രത്യേക സമിതി രൂപീകരിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയാണു സമിതി.
കുട്ടികളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കണമെന്നു മാതാപിതാക്കള്‍ക്കു പൊലീസ് മുന്നറിയിപ്പു നല്‍കി. രണ്ടു ദിവസത്തിനുള്ളിലാണു നാലു കുട്ടികളെ ബ്ലൂ വെയ്ല്‍ കളിച്ച് പരുക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചത്.