അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന് പ്രകോപനം ; ശക്തമായി തിരിച്ചടിച്ച് ഇന്ത്യയും
ശ്രീനഗര്‍ : അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന് പ്രകോപനം . നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പൂഞ്ച് ജില്ലയിലെ സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കി പാക്കിസ്ഥാന് വെടിവെപ്പ് നടത്തി. കൃഷ്ണാ ഖാട്ടി സെക്ടറിലാണ് ഓട്ടോമാറ്റിക് തോക്കുകളും മോര്‍ട്ടാര്‍ ഷെല്ലുകളും അടക്കമുള്ളവ ഉപയോഗിച്ച് പാക് സൈന്യം പ്രകോപനം നടത്തിയത്. ഈ മാസം പാക് സൈനികര്‍ നടത്തുന്ന രണ്ടാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്. കൃഷ്ണാ ഖാട്ടി സെക്ടറിലായിരുന്നു അന്നും പാക് പ്രകോപനം. അന്ന് അതിര്‍ത്തി രക്ഷാ സേനയിലെ എ.എസ്.ഐ കമല്‍ജിത്ത് സിങ്ങ് വെടിവെപ്പില്‍ വീരമൃത്യു വരിച്ചിരുന്നു. കൂടാതെ ഓഗസ്റ്റ് 30 ന് നൗഷേര സെക്ടറിലെ സൈനിക പോസ്റ്റുകള്‍ക്കും ഗ്രാമീണരുടെ വീടുകള്‍ക്കുനേരെയും പാക് വെടിവെപ്പ് നടന്നിരുന്നു.
ഓഗസ്റ്റ് 23 ന് ഇന്ത്യയുടെയും പാകിസ്താന്റെയും മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍ നടത്തിയ ഫ്ളാഗ് മീറ്റിങ്ങുകള്‍ക്ക് പിന്നാലെ ആയിരുന്നു തുടര്‍ച്ചയായ പ്രകോപനങ്ങള്‍.അതേസമയം ആക്രമണത്തിന് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്കി.