ബ്രിക്‌സ് ഉച്ചകോടിയിലും നയതന്ത്ര വിജയം നേടി ഇന്ത്യ; ഭീകര വാദത്തിനെതിരെ പ്രമേയം
സിയാമിന്‍: ബ്രിക്സ് ഉച്ചകോടിയിലും ചൈനയ്ക്ക് മേല്‍ നയതന്ത്ര വിജയം നേടി ഇന്ത്യ. പാകിസ്താന്‍ ആസ്ഥാനമായ തീവ്രവാദസംഘടനകളുടെ പേരെടുത്ത് പറഞ്ഞ് ബ്രിക്സ് രാജ്യങ്ങള്‍ തീവ്രവാദത്തിനെതിരായി പ്രമേയം പാസാക്കി.പാകിസ്താന്‍ കേന്ദ്രീകരിച്ചു നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മൗനം പാലിക്കുന്ന ചൈനയുടെ കൂടി പിന്തുണയോടെ സംയുക്ത പ്രസ്താവന പുറത്തിറക്കാന്‍ സാധിച്ചത് ഇന്ത്യയുടെ നയതന്ത്രവിജയമായാണ് വിലയിരുത്തപ്പെടുന്നത്.
തങ്ങളുടെ അടുത്ത സുഹൃത്തായ പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ ഉച്ചകോടിയില്‍ ഉന്നയിക്കുന്നതിനെ ചൈന നേരത്തെ എതിര്‍ത്തിരുന്നു.
താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ്സ്, അല്‍-ഖ്വയ്ദ, ജെയ്ഷെ മൊഹമ്മദ്, ലഷ്‌കര്‍ ഇ തോയിബ തുടങ്ങിയ തീവ്രവാദി സംഘടനകള്‍ രാജ്യങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായി മാറിയെന്നാണ് ബ്രിക്സ് രാഷ്ട്രത്തലവന്‍മാരുടെ സംയുക്ത പ്രമേയത്തില്‍ പറയുന്നത്.
രാവിലെ നടന്ന പ്ലീനറി സമ്മേളനത്തില്‍ സംസാരിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരര്‍ ഉയര്‍ത്തുന്ന സുരക്ഷാപ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായ പ്രകടനമൊന്നും നടത്തിയില്ലെങ്കിലും. പിന്നീട് നടന്ന രാഷ്ട്രത്തലവന്‍മാരുടെ യോഗത്തില്‍ തീവ്രവാദ സംഘടനകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്ന് പറഞ്ഞു. മറ്റു രാഷ്ട്രത്തലവന്‍മാരും മോദിയുടെ ഈ നിര്‍ദേശത്തോട് യോജിച്ചതോടെ പ്രമേയം പാസ്സാകാന്‍ സംയുക്ത തീരുമാനമുണ്ടായി.
ബ്രിക്സ് രാജ്യങ്ങളിലുള്‍പ്പടെ ആഗോളതലത്തില്‍ നടക്കുന്ന എല്ലാ തീവ്രവാദപ്രവര്‍ത്തനങ്ങളേയും അപലപിക്കുന്നതായും, അതിനെ പിന്തുണയ്ക്കുന്നവരെ ഒരു രീതിയിലും ന്യായീകരിക്കാനോ പിന്തുണയ്ക്കാനോ സാധിക്കില്ലെന്നും ബ്രിക്സ് രാജ്യങ്ങള്‍ പാസ്സാക്കിയ പ്രമേയത്തില്‍ പറയുന്നു.