കേന്ദ്രമന്ത്രി സഭയില്‍ വീണ്ടും പുനസംഘടന;

ന്യൂഡല്‍ഹി: മോദിസര്‍ക്കാരിന്റെ മന്ത്രിസഭ പുനഃസംഘടന ഇനിയുമുണ്ടാകുമെന്ന് സൂചന. ഘടകകക്ഷികള്‍ക്ക് വേണ്ടി മറ്റൊരു പുനസംഘടന കൂടി വൈകാതെയുണ്ടാവും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഞായറാഴ്ച്ച നടന്ന പുനസംഘടനയില്‍ ബി.ജെ.പി മന്ത്രിമാര്‍ മാത്രമാണ് ഉള്‍പ്പെട്ടിരുന്നത്. എ.ഐ.എ.ഡി.എം.കെ, ജനതാദള്‍ യൂണൈറ്റഡ് എന്നീ പാര്‍ട്ടികള്‍ക്ക് കൂടി സര്‍ക്കാരില്‍ ചേരുന്നതിനുള്ള അവസരമൊരുക്കുക എന്നതാവും ഇനിയുണ്ടാകുന്ന മന്ത്രിസഭാ പുനസംഘടനയിലൂടെ ഉദ്ദേശിക്കുന്നത്.മോദി സര്‍ക്കാരില്‍ ഒരു ക്യാബിനറ്റ് റാങ്കും സഹമന്ത്രി സ്ഥാനവും ജെഡിയുവിന് ലഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം പുനസംഘടനയെക്കുറിച്ച് മുന്നണിയില്‍ ചര്‍ച്ച ചെയ്യാlത്തതും തങ്ങളെ ഇക്കാര്യത്തില്‍ പൂര്‍ണമായി അവഗണിച്ചതിലും ബി.ജെ.പിയുടെ സംഘകക്ഷിയായ ശിവസേനക്ക് മുറുമുറുപ്പുണ്ട്.
എന്‍.ഡി.എ ഏതാണ്ട് മരിച്ച അവസ്ഥയിലാണ്, കോമ സ്റ്റേജിലാണിപ്പോള്‍ അതുള്ളത്. ശിവസേനാ നേതാവും പാര്‍ട്ടി മുഖ്യപത്രമായ സാമനയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ സഞ്ജയ് റൗത്ത് പരിഹസിച്ചു.

രാഷ്ട്രപതി-ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ ഞങ്ങളുടെ പിന്തുണ വേണ്ടി വരുമ്പോഴും, ഭരണഘടന ഭേദഗതി പാസ്സാക്കേണ്ടിവരുമ്പോഴുമൊക്കെയാണ് ബി.ജെ.പിക്ക് ശിവസേനയെ ഓര്‍മ്മ വരുന്നതെന്നും, വാജ്‌പേയുടെ കാലത്ത് ഇങ്ങനെയൊന്നുമായിരുന്നില്ല. എന്ത് പ്രശ്‌നമുണ്ടായാലും പരിഹരിക്കാന്‍ സഖ്യകക്ഷികളെയാണ് ബി.ജെ.പി ആശ്രയിക്കാറ്.എന്നാല്‍ ഇപ്പോഴങ്ങനെയല്ലെന്നും അവഗണനയിലെ അമര്‍ഷം മറച്ചു വയ്ക്കാതെ സഞ്ജയ് റൗത്ത് തുറന്നടിച്ചു.