വാമനജയന്തി അല്ല ; തിരുവോണം തന്നെ ; മലയാളികള്‍ക്ക് ഓണാശംസകളുമായി അമിത് ഷാ
മലയാളികള്‍ ആഘോഷിക്കുന്നത് തിരുവോണം തന്നെയാണ് എന്ന് അവസാനം അമിത് ഷായ്ക്കും മനസിലായി. അദ്ധേഹം അത് തുറന്നു സമ്മതിക്കുകയും ചെയ്തു. കഴിഞ്ഞ തവണ തിരുവോണ നാളില്‍ വാമനജയന്തി നേര്‍ന്ന് വിവാദം സൃഷ്ടിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇത്തവണ നേരെ വിപരീതമായി ഓണാശംസകളുമായി ആണ് വന്നിരിക്കുന്നത്.തന്റെ ട്വിറ്ററിലൂടെയാണ് അമിത്ഷായുടെ ഓണാശംസ. കഴിഞ്ഞ വര്‍ഷം ഓണത്തിന് അമിത് ഷാ വാമനജയന്തി ആശംസ നേര്‍ന്നത് ഏറെ വിവാദമായിരുന്നു. ഓണത്തെ വാമനജയന്തിയാണെന്ന സംഘപരിവാര്‍ വാദം ശക്തമാക്കുമ്പോഴാണ് കഴിഞ്ഞവര്‍ഷം അമിത് ഷാ വാമനന്‍ മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന ചിത്രമടക്കം വാമനജയന്തി ആശംസകള്‍ ഫെയ്സ്ബുക്കിലൂടെ നേര്‍ന്നത്.
എന്നാല്‍ ഇത്തവണയാകട്ടെ കഥകളിയും അത്തവും നിലവിളക്കും നിറയുന്ന ചിത്രത്തിനൊപ്പം ‘ഓണം എല്ലാവരുടെയും ജീവിതത്തില്‍ സമൃദ്ധമായ സന്തോഷവും സമാധാനവും കൈവരുത്തട്ടെ എന്നും എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍’ എന്നുമാണ് ട്വിറ്ററിലൂടെ കുറിച്ചിരിക്കുന്നത്. മഹാബലിയുടെ അഹങ്കാരത്തെ നീക്കി വാമനന്‍ അദ്ദേഹത്തെ അനുഗ്രഹിക്കുകയായിരുന്നെന്നും മഹാബലിക്ക് തിരിച്ചുവരവില്ലെന്നുമാണ് ഹിന്ദു ഐക്യവേദി നേതാവ് ശശികല അടക്കമുള്ളവരും അന്ന് പറഞ്ഞത്.