പാസഞ്ചര്‍ പോകും, പകരം മെമു വരും
കൊച്ചി: കേരളത്തിലെ പരമ്പരാഗത പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസ് നിര്‍ത്താനൊരുങ്ങി റയില്‍വേ. പകരം കേരളത്തില്‍ 12 കോച്ചുകളുള്ള മെമു ട്രെയിനുകളുടെ സര്‍വീസ് ആരംഭിക്കാന്‍ റെയില്‍വേ തയാറെടുക്കുന്നു. കേരളത്തില്‍ എട്ട് കോച്ചുകളുള്ള മെമു ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. ബാക്കിയുള്ളവ പാസഞ്ചറുകളാണ്. ഇവ മാറ്റി പൂര്‍ണമായും മെമു ട്രെയിനുകള്‍ ഉപയോഗിച്ചു ഹ്രസ്വദൂര സര്‍വീസുകള്‍ നടത്താനാണ് റയില്‍വെ പദ്ധതിയിടുന്നത്. ഇപ്പോള്‍ ഏതാനും റൂട്ടുകളില്‍ മാത്രമാണ് മെമു സര്‍വീസുള്ളത്.
മെമുവിനു പെട്ടെന്നു വേഗം കൈവരിക്കാന്‍ കഴിയുമെന്നതിനാല്‍ സമയലാഭമുണ്ടാകുമെന്നതാണ് പ്രധാന നേട്ടം. ഇരുവശത്തും ഡ്രൈവര്‍ കാബിനുള്ളതിനാല്‍ എന്‍ജിന്‍മാറ്റം വേണ്ടി വരില്ല. കൂടാതെ ലോക്കോ പൈലറ്റും ഒരാള്‍ മതിയാകും. എറണാകുളം-കൊല്ലം റൂട്ടില്‍ പാസഞ്ചര്‍ ട്രെയിനുകളേക്കാള്‍ വേഗത്തിലാണു മെമു ഓടുന്നത്. പന്ത്രണ്ടു കോച്ചുള്ള മെമു റേക്ക് കൈകാര്യം ചെയ്യാനുള്ള സൗകര്യം നിലവില്‍ കൊല്ലം, പാലക്കാട് മെമു ഷെഡുകളില്‍ ഇല്ല. എന്നാല്‍ ഷെഡിന്റെ നീളം കൂട്ടാനുള്ള ശുപാര്‍ശ നല്‍കിയിട്ടുണ്ട്. അടുത്ത വര്‍ഷത്തെ വര്‍ക്‌സ് പ്രോഗ്രാമില്‍ ഇതും ഉള്‍പ്പെടുമെന്നാണു സൂചന.
അതേസമയം, വൈദ്യുതീകരിച്ച പാതയില്‍ ആവശ്യമായ മാറ്റങ്ങള്‍ ഇലക്ട്രിക്കല്‍ വിഭാഗം നടപ്പാക്കിക്കഴിഞ്ഞു. പാസഞ്ചര്‍ ട്രെയിനുകള്‍ പിന്‍വലിക്കുന്നതിലൂടെ ലഭിക്കുന്ന അധിക കോച്ചുകള്‍ എക്‌സ്പ്രസ് ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണം കൂട്ടാനായിരിക്കും പ്രധാനമായും ഉപയോഗിക്കുക.