പി.വി അന്‍വറിന്റെ പാര്‍ക്കിന്റെ ഫോട്ടോ എടുത്ത യുവാക്കള്‍ക്ക് ക്രൂരമര്‍ദനം ; ഒത്താശയ്ക്ക് പോലീസും

നിലമ്പൂര്‍ : എംഎല്‍എ പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കിന്റെ ഫോട്ടോയെടുത്തു എന്ന പേരില്‍ യുവാക്കള്‍ക്ക് ക്രൂരമായ മര്‍ദനം. വിനോദസഞ്ചാരികളായ യുവാക്കളെയാണ് നാട്ടുകാര്‍ എന്ന പേരില്‍ എത്തിയ പാര്‍ട്ടിക്കാര്‍ മര്‍ദിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. മര്‍ദനമേറ്റതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും ആവശ്യമായ നടപടി സ്വീകരിക്കാനോ, ആക്രമിച്ചവരെ പിടികൂടാനോ പോലീസ് തയ്യറായില്ല എന്നും. പോലീസ് അക്രമികള്‍ക്ക് ഒത്താശ ചെയ്യുകയായിരുന്നു എന്നും യുവാക്കള്‍ പറയുന്നു. പരാതിയുമായി ചെന്ന സമയം പരാതി സ്വീകരിക്കാൻ പോലീസ് വിസമ്മതിച്ചതായും തങ്ങളെ പോലീസ് മുട്ട് കുത്തിച്ച് നിര്‍ത്തിച്ചതായും യുവാക്കള്‍ പറഞ്ഞു.

അന്‍വറിന്റെ പാര്‍ക്കിന്റെ അനിധികൃത പ്രവര്‍ത്തനങ്ങളെ കുറിച്ച് വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ പാര്‍ക്കിന്റെ പരിസരത്തേക്ക് അടുപ്പിച്ചിരുന്നില്ല. കൂടാതെ ഈ പ്രദേശത്ത് എത്തുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നതായി ആരോപണമുയർന്നിരുന്നു. അതേസമയം മര്‍ദനത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവാക്കളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ മൂക്കിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.